ജൂണില്‍ അമേരിക്കയും (യുഎസ്എ) വെസ്റ്റ് ഇന്‍ഡീസും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിന്റെ ഫൈനലിസ്റ്റുകളെയും കിരീട ജേതാക്കളെയും പ്രവചിച്ച് ഇന്ത്യന്‍ മുന്‍ പേസര്‍ എസ്. ശ്രീശാന്ത്. ഏകദിന ലോകകപ്പിലേതുപോലെ ഒരിക്കല്‍കൂടി ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ സംഭവിക്കുമെന്നും അന്നത്തെ തോല്‍വിക്ക് ഇന്ത്യ കണക്കുവീട്ടുമെന്നും ശ്രീശാന്ത് പറഞ്ഞു.
‘ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാവും ഫൈനല്‍. ഏകദിന ലോകകപ്പിന്റെ ഫൈനലിലെ തോല്‍വിക്ക് ഇന്ത്യ കണക്കുവീട്ടും’ എന്നാണ് ശ്രീശാന്ത് പറഞ്ഞത്.
ഇന്ത്യയും ഓസ്‌ട്രേലിയയും ഫൈനലില്‍ എത്തുമെന്ന് സുനില്‍ ഗവാസ്‌കറും പ്രവചിച്ചു. ഓസ്‌ട്രേലിയ വിജയിച്ച 2023 ഏകദിന ലോകകപ്പ് കിരീടത്തിനായി മത്സരിച്ച അതേ രണ്ട് ടീമുകള്‍ തന്നെ ടി20 ലോകകപ്പിലും ഏറ്റുമുട്ടുമെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
ജൂണ്‍ 2ന് ഡാലസിലെ ഗ്രാന്‍ഡ് പ്രെയറി സ്റ്റേഡിയത്തില്‍ യു.എസ്.എയും കാനഡയും തമ്മില്‍ ഉദ്ഘാടന മത്സരം നടക്കും. ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു, ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ എട്ട് ഘട്ടത്തിലേക്ക് മുന്നേറും.
സൂപ്പര്‍ എട്ട് പിന്നീട് രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പുകളില്‍നിന്നും ലീഡ് ചെയ്യുന്ന രണ്ട് ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും. ജൂണ്‍ 29 ന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലിലാണ് ഫൈനല്‍.