ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ത്യന്‍ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ച് വിലയിരുത്തലുമായി ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. സെലക്ടര്‍മാര്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുമായിരുന്ന ഏറ്റവും മികച്ച ടീമുകളിലൊന്നായി ഇതിനെ വിലയിരുത്തിയ അദ്ദേഹം റിങ്കു സിംഗിനോട് സഹതാപം പ്രകടിപ്പിക്കുകയും ചെയ്തു.

റിങ്കുവില്‍ ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്നും അദ്ദേഹം ദേശീയ ടീമിനായി ഒരുപാട് കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗാംഗുലി വിശ്വസിക്കുന്നു. എന്നിരുന്നാലും റിങ്കുവിനെ പുറത്താക്കിയതിന്റെ സാഹചര്യം മനസിലാക്കിയ ഗാംഗുലി, അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഒരു അധിക സ്പിന്നറെ തിരഞ്ഞെടുക്കുന്നതിന് ഊന്നല്‍ നല്‍കിയത് വെസ്റ്റ് ഇന്‍ഡീസിന്റെ സ്പിന്‍-സൗഹൃദ സാഹചര്യങ്ങളില്‍ ഉപയോഗപ്രദമാകുമെന്ന് വിലയിരുത്തി.

ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണിതെന്ന് ഞാന്‍ കരുതുന്നു. മറ്റ് ടീമുകള്‍ ന്യായമല്ലെന്ന് ഞാന്‍ പറയുന്നില്ല. ഈ ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ സെലക്ടര്‍മാരും രോഹിതും മികച്ച പ്രകടനം കാഴ്ചവച്ചതായി ഞാന്‍ കരുതുന്നു.

അധിക സ്പിന്നറുമായി പോകാന്‍ അവര്‍ ആഗ്രഹിച്ചതിനാലാണ് റിങ്കുവിന് അവസരം നഷ്ടമായതെന്ന് ഞാന്‍ കരുതുന്നു. എന്നിരുന്നാലും റിങ്കു സ്റ്റാന്‍ഡ്ബൈയിലാണ്. റിങ്കുവിന്റെ കരിയറിന്റെ തുടക്കം മാത്രമാണിത്. ഇന്ത്യക്ക് വേണ്ടി ഒരുപാട് കളിക്കും. ഇതില്‍ അദ്ദേഹം നിരാശപ്പെടേണ്ടതില്ലെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഇത് വളരെ ശക്തമായ ടീമാണെന്നും ഉറച്ച ടീമാണെന്നും ഞാന്‍ കരുതുന്നു- ഗാംഗുലി പറഞ്ഞു.