ടി20 ലോകകപ്പ് 2024: പാകിസ്ഥാനെ മറികടന്ന് അമേരിക്ക സൂപ്പര്‍ 8ലേക്ക് യോഗ്യത നേടണം: പിന്തുണച്ച് ബ്രയാന്‍ ലാറ

2024 ലെ ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടങ്ങളിലേക്ക് യോഗ്യത നേടുന്നതിന് യുഎസ്എയെ പിന്തുണച്ചു ഇതിഹാസ വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന്‍ ബ്രയാന്‍ ലാറ. ടൂര്‍ണമെന്റില്‍ കാനഡക്കെതിരെ ആദ്യ ജയം രേഖപ്പെടുത്തിയ യുഎസ്എ രണ്ടാം മത്സരത്തില്‍ ശക്തരായ പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തിയിരുന്നു. ഒടുവില്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ മാത്രമാണ് അവര്‍ പരാജയപ്പെട്ടത്.

തീര്‍ച്ചയായും ഗണിതശാസ്ത്രപരമായി അവര്‍ക്ക് (പാകിസ്ഥാന്) അവസരമുണ്ട്. യുഎസ്എ അവരുടെ അവസാന മത്സരത്തിലെ വിജയത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. എന്റെ മനസ് യു.എസ്.എയ്‌ക്കൊപ്പമാണ്. അവര്‍ ആത്മവിശ്വാസം നിറഞ്ഞവരാണെന്ന് ഞാന്‍ കരുതുന്നു. അവര്‍ സൂപ്പര്‍ 8-ല്‍ എത്താന്‍ ആഗ്രഹിക്കുന്നു. അത് യുഎസ് ക്രിക്കറ്റിന് വളരെ വലുതും ചരിത്രപരവുമായ ഒരു നേട്ടമായിരിക്കും- സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ലാറ പറഞ്ഞു.

വരുന്ന രണ്ട് മത്സരളെ ആശ്രയിച്ചാണ് പാകിസ്ഥാന്റെ ടൂര്‍ണമെന്റിലെ മുന്നോട്ടുള്ള വഴി തുറക്കുക. അയര്‍ലാന്‍ഡിനോടു അമേരിക്ക തോല്‍ക്കണം. കൂടാതെ അയര്‍ലാന്‍ഡിനെ പാകിസ്താന്‍ പരാജയപ്പെടുത്തുകയും വേണം. എങ്കില്‍ മാത്രമേ പാക് ടീം സൂപ്പര്‍ എട്ടില്‍ കടക്കുകയുള്ളൂ.

എന്നാല്‍ അമേരിക്ക – അയര്‍ലാന്‍ഡ്, പാകിസ്ഥാന്‍- അയര്‍ലാന്ഡ് ഇവയില്‍ ഏതെങ്കിലുമൊരു മല്‍സരം മഴ കാരണം ഉപക്ഷിക്കപ്പെട്ടാല്‍ പാകിസ്ഥാന്‍ സൂപ്പര്‍ എട്ടിലെത്താതെ പുറത്താവും. കാരണം ഈ രണ്ടു മല്‍സരഫലങ്ങളും അവരെ സംബന്ധിച്ച് നിര്‍ണായകമാണ്.