ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ പേസര്‍ മുഹമ്മദ് സിറാജിന് ഭൂമിയും സര്‍ക്കാര്‍ പദവിയും പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. ടി20 ലോകകപ്പ് വിജയത്തിലെ മുഹമ്മദ് സിറാജിന്റെ സംഭാവനകളെ അഭിനന്ദിച്ച മുഖ്യമന്ത്രി സ്ഥലം അനുവദിക്കാനും സിറാജിന് സര്‍ക്കാര്‍ പദവി നല്‍കാനും അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഹൈദരാബാദിലോ പരിസര പ്രദേശങ്ങളിലോ അനുയോജ്യമായ ഭൂമി വേഗത്തില്‍ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സിറാജിന് സര്‍ക്കാര്‍ ജോലി ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാനും ഉത്തരവിട്ടു. ചടങ്ങില്‍ മറ്റ് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ സിറാജ് തന്റെ ഓട്ടോഗ്രാഫ് എഴുതിയ ജേഴ്‌സി മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
‘തെലങ്കാനയില്‍ ജനിച്ച ഒരു ക്രിക്കറ്റ് താരം ലോകകപ്പ് നേടിയ ടീമില്‍ ഉണ്ടായിരുന്നു എന്നത് ഞങ്ങളില്‍ അഭിമാനം നിറയ്ക്കുന്നു. മുഹമ്മദ് സിറാജിന്റെ വിജയം എണ്ണമറ്റ യുവ കായികതാരങ്ങള്‍ക്ക് വലിയ സ്വപ്നങ്ങള്‍ കാണാനും അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനും പ്രചോദിപ്പിക്കട്ടെ,’ സിഎം റെഡ്ഡി പറഞ്ഞു.
ഇന്ത്യന്‍ സ്പീഡ്സ്റ്റര്‍ ഈ ബഹുമതി ഏറ്റുവാങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, സംസ്ഥാന മന്ത്രിമാരായ കോമതിറെഡ്ഡി വെങ്കട്ട റെഡ്ഡി, പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലോകകപ്പില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച സിറാജ് ഒരു വിക്കറ്റ് വീഴ്ത്തി.