സെമി ഉറപ്പിക്കാതെ ഇന്ത്യ, വലിഞ്ഞു കയറാന്‍ പാകിസ്ഥാന്‍; ഇനി കാര്യങ്ങള്‍ ഇങ്ങനെ

ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അവസാന ഘട്ടത്തിലാണ്. രണ്ട് ഗ്രൂപ്പുകളിലേയും ടീമുകള്‍ക്ക് ഓരോ മത്സരങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ കിവീസ് മാത്രമാണ് സെമി ഉറപ്പിച്ചിട്ടുള്ളത്. സെമിഫൈനല്‍ ലൈനപ്പിന്റെ അന്തിമ ചിത്രം വ്യക്തമാകണമെങ്കില്‍ ഞായറാഴ്ച സൂപ്പര്‍ 12ലെ അവസാന മത്സരവും കഴിയണമെന്ന അവസ്ഥയാണ്.

ഇന്ത്യയുടെ സെമി സാദ്ധ്യതകളിലേക്ക് വന്നാല്‍ അടുത്ത മത്സരം സിംബാബ്‌വെയ്‌ക്കെതിരെ ജയിച്ചാല്‍ ഇന്ത്യയ്ക്കു സെമി ഉറപ്പാണ്. മഴമൂലം മത്സരം ഉപേക്ഷിച്ച് പോയിന്റ് പങ്കുവച്ചാലും ഇന്ത്യ സെമിയിലെത്തും. പാകിസ്ഥാന് സെമിയിലെത്താന്‍ ബംഗ്ലദേശിനെതിരായ മത്സരം ജയിക്കുകയും ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകളിലൊന്ന് അവസാന മത്സരം തോല്‍ക്കുകയും വേണം.

ദക്ഷിണാഫ്രിക്കയ്ക്ക് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരം ജയിച്ചാല്‍ സെമിയില്‍ കടക്കാം. മത്സരം ഉപേക്ഷിച്ച് പോയിന്റ് പങ്കുവച്ചാല്‍ നെറ്റ് റണ്‍റേറ്റ് ബാധകമാകും. ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകളിലൊന്ന് തോല്‍ക്കുകയും ഉയര്‍ന്ന റണ്‍റേറ്റില്‍ പാകിസ്ഥാനെ തോല്‍പിക്കുകയും ചെയ്താല്‍ മാത്രമാണ് ബംഗ്ലദേശിനു സെമി സാദ്ധ്യത.

ഒന്നാം ഗ്രൂപ്പില്‍ കിവീസ് സെമിയിലെത്തിയപ്പോള്‍ ഈ ഗ്രൂപ്പില്‍ നിന്നുള്ള രണ്ടാമത്തെ ടീം ഓസ്ട്രേലിയയാണോ അതോ ഇംഗ്ലണ്ട് ആണോ എന്നറിയാന്‍ നാളെ നടക്കുന്ന ഇംഗ്ലണ്ട് ശ്രീലങ്ക മത്സരം കഴിയുന്നതുവരെ കാത്തിരിക്കണം. ഇന്ന് നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ വെറുമൊരു ജയം നിലവിലെ ചാമ്പ്യന്‍മാരായ ഓസീസിനെ രക്ഷിക്കില്ല. നെറ്റ് റണ്‍റേറ്റില്‍ തങ്ങളേക്കാള്‍ മുന്നിലുള്ള ഇംഗ്ലണ്ടിനെ മറികടക്കണമെങ്കില്‍ മികച്ച ജയം ഓസീസിന് വേണം.

ഓസ്ട്രേലിയ ഇന്ന് വിജയിക്കുകയും ഇംഗ്ലണ്ട് നാളെ ശ്രീലങ്കയോട് പരാജയപ്പെടുകയും ചെയ്താല്‍ ഇംഗ്ലണ്ട് പുറത്താകുകയും ഓസ്ട്രേലിയ സെമിയില്‍ കടക്കുകയും ചെയ്യും. ഇംഗ്ലണ്ടും ഓസ്ട്രേലിയയും വിജയിച്ചാല്‍ മികച്ച നെറ്റ് റണ്‍റേറ്റ് ഉള്ള ടീം സെമിയിലേക്ക് മുന്നേറും.