2024 ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി ഫോം വീണ്ടെടുക്കാൻ രോഹിത് ശർമ്മയോടും വിരാട് കോഹ്‌ലിയോടും ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കണമെന്ന് മുൻ ഓസ്‌ട്രേലിയൻ പേസർ ബ്രെറ്റ് ലീ അഭ്യർത്ഥിച്ചു. ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർമാർ ന്യൂ ബോളിൽ രോഹിത്തിന്റെ വലിയ രീതിയിൽ പരീക്ഷിക്കുമെന്ന് ഓസ്‌ട്രേലിയൻ താരം പറഞ്ഞു.
ടെസ്റ്റ് പരമ്പരയിൽ ബംഗ്ലാദേശിൻ്റെയും ന്യൂസിലൻഡിൻ്റെയും വേഗമേറിയ താരങ്ങളെ നേരിടാൻ ഇന്ത്യൻ നായകന് കഴിഞ്ഞില്ല. മാത്രമല്ല ഒരു അർദ്ധ സെഞ്ച്വറി മാത്രമാണ് താരം നേടിയത്. കോഹ്‌ലിക്കും അത്ര നല്ല സമയം ആയിരുന്നില്ല രണ്ട് ടെസ്റ്റ് പരമ്പരകളും. “കുറച്ച് കളികളിൽ സ്കോർ ചെയ്യുന്നതിൽ പരാജയപ്പെടുമ്പോൾ സമ്മർദ്ദം നിങ്ങളെ തളർത്തുന്നു. വിരാട് കോലിയും രോഹിത് ശർമ്മയും ബേസിക്കിലേക്ക് മടങ്ങണം. ”അദ്ദേഹം പറഞ്ഞു.
“ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്ത് നിങ്ങളുടെ സാങ്കേതികതയിൽ പ്രവർത്തിക്കുക, ഗ്രൗണ്ടിൽ എത്തുന്നതിന് മുമ്പ് ഫ്രഷ് ആവുക. പുതിയ പന്തിൽ ഓസ്‌ട്രേലിയൻ സീമർമാർ രോഹിതിനെ ആക്രമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. രോഹിതിന് സാങ്കേതിക പിഴവുകളില്ലെന്നും സമീപകാലത്തെ കളികളിൽ അമിതമായി ആക്രമണം നടത്താൻ ശ്രമിച്ചിട്ടുണ്ടെന്നും ലീ പറഞ്ഞു.
“വർഷങ്ങളായി ഞാൻ അവനെ കണ്ടിട്ടുണ്ട്, എന്തെങ്കിലും സാങ്കേതിക പ്രശ്‌നമുണ്ടെന്ന് ഞാൻ കരുതുന്നില്ല. അവൻ അമിതമായി ആക്രമണോത്സുകനാകാൻ ശ്രമിക്കുന്നു എന്നതാണ് അദ്ദേഹത്തിൻ്റെ ഒരേയൊരു പ്രശ്നം. അത് ബംഗ്ലാദേശിനും ന്യൂസിലൻഡിനുമെതിരായ ഗെയിമുകളിൽ അദ്ദേഹത്തിൻ്റെ പതനത്തിലേക്ക് നയിച്ചു. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ചവരിൽ ഒരാളാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു.” മുൻ ഓസ്‌ട്രേലിയൻ താരം പറഞ്ഞു.