മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബും ഷൈൻപുകുർ ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട തമിം ഇക്‌ബാൽ അപകട നില തരണം ചെയ്തു. ഹൃദയ ശസ്ത്രക്രിയ നടത്തിയതിലൂടെ താരം ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
“ബുദ്ധിമുട്ട് അനുഭവപ്പെട്ട സാഹചര്യത്തിൽ അടുത്തുള്ള പ്രാദേശിക ആശുപത്രിയിൽ അദ്ദേഹത്തെ പ്രാഥമിക പരിശോധനകൾക്ക് വിധേയനാക്കി, അവിടെ ആണ് ഹൃദയാഘാതം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞു. പിന്നാലെ താരത്തെ ധാക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു, പക്ഷേ ഹെലിപാഡിലേക്കുള്ള വഴിയിൽ അദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു, അതിനാൽ ഉടൻ തന്നെ തിരികെ കൊണ്ടുവരേണ്ടിവന്നു. പിന്നീട് മെഡിക്കൽ റിപ്പോർട്ടുകൾ അത് ഒരു വലിയ ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു,” ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് ഫിസിഷ്യൻ ഡോ. ദേബാഷിഷ് ചൗധരി പറഞ്ഞു.
ധാക്ക പ്രീമിയർ ലീഗിൽ (ഡിപിഎൽ) തമീം മികച്ച ഫോമിലാണ് കളിക്കുന്നത്. ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ കളിക്കാരനാണ് തമീം. ഏഴ് മത്സരങ്ങളിൽ നിന്ന് 73.60 ശരാശരിയിലും 102.50 സ്ട്രൈക്ക് റേറ്റിലും 368 റൺസ് ഇടംകൈയ്യൻ ബാറ്റ്സ്മാൻ നേടിയിട്ടുണ്ട്, ഇതിൽ രണ്ട് സെഞ്ച്വറികളും ഉൾപ്പെടുന്നു. ഈ വർഷം ആദ്യം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച തമീം, 70 ടെസ്റ്റുകളും 243 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ബംഗ്ലാദേശിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ്.