Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

15 വര്‍ഷത്തെ മികച്ച ടീമെന്ന വിശേഷണം, ശാസ്ത്രി പരുങ്ങലില്‍

, 4:11 pm

ന്യൂഡല്‍ഹി: ഇംഗ്ലീഷ് പര്യടനത്തില്‍ ഇന്ത്യ തോറ്റതിന് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെയുള്ള ഇന്ത്യന്‍ ടീമുകളില്‍ ഏറ്റവും മികച്ചതാണ് ഇപ്പോഴത്തേതെന്ന ശാസ്ത്രിയുടെ അവകാശവാദമാണ് മുന്‍ താരങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്.

മുന്‍താരങ്ങളായ സുനില്‍ ഗാവസ്‌കര്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ് തുടങ്ങിയവരാണ് രവിശാസ്ത്രിയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്.

ഇന്ത്യ 3-1ന് പരമ്പര കൈവിട്ടതിന് പിന്നാലെയായിരുന്നു ശാസ്ത്രിയുടെ അവകാശവാദം.

ശാസ്ത്രിയെ മുഖ്യപരിശീലകനായി നിയമിച്ച കമ്മിറ്റിയിലെ അംഗവും ഇന്ത്യയുടെ മുന്‍നായകനുമായ സൗരവ് ഗാംഗുലി, ശാസ്ത്രിയുടെ അവകാശവാദം തള്ളി. ശാസ്ത്രിയുടെ അഭിപ്രായപ്രകടനം അപക്വമാണെന്നും ടീം ഇനിയും മെച്ചപ്പെടാനുണ്ടെന്നുമായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

1980കളില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെയും അന്നത്തെ ഏറ്റവും കരുത്തരെന്ന് വിശേഷിപ്പിക്കപ്പെട്ട വിന്‍ഡീസിനെയും അവരുടെ നാട്ടില്‍ തോല്‍പ്പിച്ച കാര്യം ബാറ്റിങ് ഇതിഹാസം ഗാവസ്‌കര്‍ ഓര്‍മപ്പെടുത്തി. 2007-ലും ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു. പര്യടനത്തിനുപോകുന്ന ടീം മികച്ചതാണെന്ന് വിശേഷിപ്പിക്കപ്പെടുന്നത് അവരുടെ പ്രകടനം കണക്കിലെടുത്താണെന്നകാര്യം ഇന്ത്യയുടെ മുന്‍ഓപ്പണര്‍ സെവാഗും ഓര്‍മിപ്പിച്ചു. പരമ്പര ജയിക്കാന്‍ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍, തോല്‍വിയിലെ വന്‍മാര്‍ജിന്‍ കഴിവിനൊത്ത് അവര്‍ മിടുക്കുകാട്ടിയില്ല എന്ന വസ്തുതയാണ് വെളിച്ചത്തുകൊണ്ടുവരുന്നത് -പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ പറഞ്ഞു.

എന്നാല്‍, ഇതിനു പിന്നാലെ നായകന്‍ വിരാട് കോലി, ശാസ്ത്രിക്ക് പിന്തുണയുമായി രംഗത്തുവന്നു. ഏറ്റവും മികച്ച ടീമാണ് നമ്മള്‍ എന്ന വിശ്വാസം ടീമംഗങ്ങള്‍ക്കുണ്ടാകണമായിരുന്നു എന്നാണ് കോലി പറഞ്ഞത്.

ഇംഗ്ലണ്ടിലെ തോല്‍വിക്ക് തൊട്ടുമുമ്പ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും ടെസ്റ്റ് ടീം അടിയറവു പറഞ്ഞിരുന്നു. ഈ തോല്‍വികള്‍ നവംബറില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യയുടെ മുഖ്യപരിശീലകനെ വേട്ടയാടാതിരിക്കില്ല. ശനിയാഴ്ച തുടക്കംകുറിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റും പാകിസ്താനുമായുള്ള മത്സരവും ശാസ്ത്രിക്ക് നിര്‍ണായകമാണ്. പ്രത്യേകിച്ചും അടുത്തവര്‍ഷം ഏകദിന ലോകകപ്പ് അരങ്ങേറാന്‍ പോകുന്നതിനാല്‍.

Advertisement