ഒരു ടീം മതി, എല്ലാവരേയും സന്തോഷിപ്പിക്കുന്നത് നിര്‍ത്തൂ, ആഞ്ഞടിച്ച് ഗാംഗുലി

ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ പോരായ്മകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. കളിക്കാരെ കുത്തി നിറയ്ക്കുന്നതിലല്ല സെലക്ടര്‍മാര്‍ സംതൃപ്തി കണ്ടെത്തേണ്ടതെന്നും ടീമിന്റെ താളം നിലനിര്‍ത്താന്‍ എല്ലാ ഫോര്‍മാറ്റിലേക്കും ഒറ്റ ടീമിനെ തിരഞ്ഞെടുക്കണമെന്നും ഗാംഗുലി നിര്‍ദേശിക്കുന്നു.

എല്ലാവരെയും സന്തോഷിപ്പിക്കുന്നത് സെലക്ടര്‍മാര്‍ അവസാനിപ്പിക്കണം. രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ച കളിക്കാരെയാണ് തിരഞ്ഞെടുക്കേണ്ടത്. എല്ലാ ഫോര്‍മാറ്റിലേക്കും ഒറ്റ ടീമിനെ തിരഞ്ഞെടുക്കണം. കളിക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും കളിയുടെ താളം കണ്ടെത്താനും ഇത് അനിവാര്യമാണ്” ഗാംഗുലി പറയുന്നു.

ഇന്ത്യന്‍ ടീമില്‍ ചിലര്‍ മാത്രമാണ് എല്ലാ ഫോര്‍മാറ്റിലും കളിക്കുന്നത്. മികച്ച ടീമുകള്‍ക്കെല്ലാം സ്ഥിരതയുള്ള കളിക്കാരുണ്ട്. ഇത് എല്ലാവരെയും സന്തോഷിപ്പിക്കുന്നതിലൂടെ ഉണ്ടായതല്ല, മറിച്ച് ഏറ്റവും മികച്ചവരെ കണ്ടെത്തി അവസരം നല്‍കിയതിലൂടെ ഉണ്ടായതാണ്. ഗാംഗുലി അഭിപ്രായപ്പെട്ടു.

നേരത്തെ ഏകദിന ടീമില്‍ നിന്ന് യുവതാരം ശുഭ്മാന്‍ ഗില്ലിനേയും സീനിയര്‍ താരം അജിക്യ രഹാനയേയും പുറത്താക്കിയ നടപടിയ്‌ക്കെതിരെയും ഗാംഗുലി രംഗത്തെത്തിയിരുന്നു. ഇരുവരുമില്ലാത്തത് തന്നെ അത്ഭുതപ്പെടുത്തുവെന്നാണ് ഗാംഗുലി പറഞ്ഞത്.