ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കുപ്പായത്തില്‍ ലഭിച്ച അവസരം മുതലെടുക്കുന്നതില്‍ മലയാളി ബാറ്റ്‌സ്മാന്‍ സച്ചിന്‍ ബേബി പരാജയപ്പെട്ടു. ആര്‍സിബി തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോള്‍ ക്രീസിലെത്തിയ സച്ചിന്‍ ബേബിക്ക് വമ്പന്‍ ഇന്നിംഗ്‌സിന് സാധിച്ചില്ല. പതിനേഴ് പന്തുകള്‍ നേരിട്ട സച്ചിന്‍ വെറും ഏഴു റണ്‍സുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് മുന്നില്‍ ബാറ്റ് താഴ്ത്തി.
ഐപിഎല്ലില്‍ ഇതുവരെ 19 മത്സരങ്ങളാണ് ഇടംകൈയനായ സച്ചിന്‍ ബേബി കളിച്ചത്. ആകെ സമ്പാദ്യം 144 റണ്‍സ്. ബാറ്റിംഗ് ശരാശരി 14.40. ഐപിഎല്ലില്‍ സെഞ്ച്വറിയോ അര്‍ദ്ധ ശതകമോ സച്ചിന്‍ കുറിച്ചിട്ടില്ല. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ സച്ചിന്‍ മൂന്നു വര്‍ഷത്തിനു ശേഷം ആര്‍സിബിയുടെ ക്യാമ്പിലെത്തി. 2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് കേരളത്തിന്റെ സച്ചിനെ കൂടെ കൂട്ടിയത്. എന്നാല്‍ ഈ വര്‍ഷത്തെ ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് സച്ചിന്‍ ബേബി ടീമിലേക്ക് തിരികെയെത്തിച്ചു.
2017നുശേഷം ഐപിഎല്ലില്‍ സച്ചിന്‍ ബേബിക്ക് ബാറ്റിംഗിന് അവസരം ലഭിക്കുന്നത് ഇതാദ്യം. അതു തുലച്ച താരത്തിന് അവശേഷിക്കുന്ന മത്സരങ്ങളില്‍ എത്രയെണ്ണത്തില്‍ ടീമില്‍ ഇടംപിടിക്കാന്‍ സാധിക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.