ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ സ്പീഡ്സ്റ്റര്‍ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ ഉള്‍പ്പെടുത്തണമെന്ന് ആകാശ് ചോപ്ര. മുംബൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ടീം ഇന്ത്യ തങ്ങളുടെ ടീമില്‍ മൂന്ന് സീമര്‍മാരെ ഇറക്കിയിരുന്നു അതിലൊന്ന് മത്സരത്തില്‍ രണ്ട് ഓവര്‍ മാത്രം എറിഞ്ഞ ശാര്‍ദുല്‍ താക്കൂര്‍ ആയിരുന്നു. ഇന്നത്തെ മത്സരത്തില്‍ താക്കൂറുന് പകരം ഉമ്രാന്‍ മാലിക്കിനെ ഇറക്കണമെന്നാണ് ചോപ്ര പറയുന്നത്.
ഇഷാന്‍ കിഷന്റെ സ്ഥാനത്ത് രോഹിത് ശര്‍മ്മ വരുന്നതല്ലാതെ മറ്റെന്തെങ്കിലും മാറ്റത്തിന് സാധ്യതയുണ്ടോ? എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍, നിങ്ങള്‍ അതിനെ ശരിയോ തെറ്റോ എന്ന് വിളിക്കാം, എന്നാലും നിങ്ങള്‍ എല്ലായ്‌പ്പോഴും അഞ്ച് ഫുള്‍ ബോളര്‍മാരെ കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവിടെ നിങ്ങള്‍ എട്ടാം നമ്പര്‍ ബാറ്റിംഗിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല.
ശാര്‍ദുല്‍ താക്കൂറിന് പകരം ഉംറാന്‍ മാലിക്കിനെ കളിപ്പിക്കൂ. അതാണ് എനിക്ക് തോന്നുന്നത്. പക്ഷേ ഇന്ത്യന്‍ ടീമിന് ഉറപ്പായും എട്ടാം നമ്പറില്‍ ഒരു ബാറ്റര്‍ വേണം. ചിലപ്പോള്‍ മുന്‍നിര താരങ്ങള്‍ പുറത്താകുമെന്നും വാലറ്റത്ത് ബാറ്റ് ചെയ്യാന്‍ പറ്റുന്നയാള്‍ ആവശ്യമായി വന്നേക്കാം എന്ന അവരുടെ ചിന്താഗതി എനിക്ക് മനസ്സിലാക്കാന്‍ കഴിയും- ചോപ്ര പറഞ്ഞു.
പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് വിശാഖ പട്ടണത്ത് നടക്കും. മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം മത്സരവും ജയിച്ച് പരമ്പര ഉറപ്പിക്കാനുറച്ചാവും ഇന്ത്യ ഇന്ന് വിശാഖപട്ടണത്തിറങ്ങുക. ഇന്ത്യന്‍ ടീമില്‍ നായകന് രോഹിത് ശര്‍മ്മ ഈ മത്സരത്തില്‍ തിരിച്ചെത്തും.