ഇതിഹാസമേ നിങ്ങൾക്ക് നന്ദി, പറഞ്ഞ വാക്ക് പാലിച്ച് കിരീടം നേടിയിരിക്കും; അപ്രതീക്ഷിത പേരിന് നന്ദി പറഞ്ഞ് റാഷിദ് ഖാൻ

ടി20 ലോകകപ്പിലെ അഫ്ഗാനിസ്ഥാൻ്റെ കഠിനാധ്വാനത്തിന് ഫലം കിട്ടിയിരിക്കുകയാണ്‌. അവരുടെ തകർപ്പൻ കുതിപ്പ് അവരെ സെമിഫൈനലിൽ എത്തിച്ചിരിക്കുകയാണ്. ഈ അവിശ്വസനീയമായ നേട്ടം രാജ്യം മുഴുവൻ ആഘോഷിക്കുമ്പോൾ ക്യാപ്റ്റൻ റാഷിദ് ഖാൻ ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയ്ക്ക് പ്രത്യേക നന്ദി പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ്.

ടൂർണമെൻ്റിന് മുന്നോടിയായി, സെമി ഫൈനലിസ്റ്റുകളെ പ്രവചിക്കുന്ന ക്രിക്കറ്റ് വിദഗ്ധരെ ഉൾപ്പെടുത്തി സ്റ്റാർ സ്പോർട്സ് ഒരു വീഡിയോ പങ്കിട്ടു. സുനിൽ ഗവാസ്‌കറും ആരോൺ ഫിഞ്ചും പോലുള്ള പ്രഗത്ഭർ സ്ഥാപിത വലിയ ടീമുകളെ തിരഞ്ഞെടുത്തപ്പോൾ, ബ്രയാൻ ലാറ തൻ്റെ വിശ്വാസത്തിൽ ഉറച്ചുനിന്നു. അഫ്ഗാനിസ്ഥാനെ ഒരു സെമിഫൈനലിസ്റ്റായി തിരഞ്ഞെടുത്തു.

ഇന്ന്, അഫ്ഗാനിസ്ഥാൻ ഒരു സ്വപ്ന സാക്ഷാത്കാരത്തെ ആഘോഷിക്കുമ്പോൾ ലാറയുടെ വീഡിയോ വൈറലായിരിക്കുകയാണ്. “ഇതൊരു സ്വപ്നം പോലെയാണ്,” മത്സരശേഷം റാഷിദ് ഖാൻ പറഞ്ഞു. ന്യൂസിലൻഡിനെതിരായ നിർണായക വിജയത്തോടെ ആരംഭിച്ച വിജയ രീതി നമ്മൾ നിലനിർത്തി. ഞങ്ങൾ സെമിഫൈനലിൽ എത്തുമെന്ന് പറഞ്ഞ ഒരേയൊരു വ്യക്തി ബ്രയാൻ ലാറയാണ്, ഞങ്ങൾ അദ്ദേഹത്തെ ശരിയാണെന്ന് തെളിയിച്ചു. ഞങ്ങൾ നിങ്ങളെ നിരാശരാക്കില്ലെന്ന് ഞാൻ ലാറയോട് പറയാൻ ആഗ്രഹിക്കുന്നു.” റാഷിദ് ഖാൻ പറഞ്ഞു.

ഓസ്‌ട്രേലിയയുടെ മോഹങ്ങൾ കൂടി തല്ലി കെടുത്തി ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനോട് ആവേശകരമായ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ഉയർത്തിയ 116 വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 105 റൺസിന് പുറത്തായി. ഫലം ആകട്ടെ അഫ്ഗാനിസ്ഥാന് 8 റൺസ് ജയവും സെമി സ്ഥാനവും. സൗത്താഫ്രിക്കയാണ് അഫ്ഗാന്റെ സെമി എതിരാളികൾ.

Read more

അഫ്ഗാൻ ഉയർത്തിയ ലക്‌ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് വിജയിച്ചിരുന്നെങ്കിൽ ഓസ്‌ട്രേലിയക്ക് സെമിയിൽ എത്താമായിരുന്നു. അഫ്ഗാന്റെ തകർപ്പൻ ബോളിങ്ങിനും അച്ചടക്കമുള്ള ഫീൽഡിങ്ങിനും മുന്നിൽ ബംഗ്ലാദേശ് തകർന്നടിയുക ആയിരുന്നു. ഓപ്പണർ ലിറ്റർ ദാസ് നേടിയ 54 റൺസ് ഒഴിച്ചുനിർത്തിയാൽ ബംഗ്ലാദേശ് മോശം ബാറ്റിംഗാണ് നടത്തിയത്. അഫ്ഗാനായി റഷീദ് , നവീൻ ഉൾ ഹഖ് എന്നിവർ നാല് വിക്കറ്റ് വീഴ്ത്തി അഫ്ഗാനെ സെമിയിൽ എത്തിച്ചു.