'ഇതിഹാസങ്ങളുടെ വിടവാങ്ങല്‍ പരമ്പര' എന്ന വൈകാരികതയില്‍ ആ തോല്‍വി അധികം ഹൈലൈറ്റ് ചെയ്യപെടുകയില്ല!

ഇതിഹാസങ്ങള്‍ പടിയിറങ്ങട്ടെ- WTC ഫൈനലിലേക്ക് ഏറെക്കുറെ അനായാസമായി കുതിക്കുകയായിരുന്ന ഇന്ത്യ ഈ ഒരു ഹോം സീരിസോടെ ഫൈനല്‍ സാധ്യതയില്‍ നിന്നുമുള്ള പുറത്താകലിന്റെ വക്കിലാണ്. മറ്റു ടീമുകളെ ആശ്രയിക്കാതെ ഫൈനലില്‍ എത്തണമെങ്കില്‍ നമുക്ക് ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ വച്ച് വൈറ്റ് വാഷ് ചെയ്യണം. കിവീസിന്റെ വിജയം പരിഗണിച്ച് ക്രിക്കറ്റില്‍ എന്തും സംഭവിക്കാം എന്നൊക്കെ വാദിക്കാമെങ്കിലും, നിലവിലെ സാഹചര്യത്തില്‍ ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്യുന്നത് പോയിട്ട്, പരമ്പര ജയിക്കുക എന്നത് തന്നെ ഏറെക്കുറെ അപ്രാപ്യമാണ്.

WTC ഫൈനല്‍ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ജൂണില്‍ ഇംഗ്ലണ്ടിനെതിരെയാണ്. അപ്പോഴേക്കും ടീമില്‍ കാര്യമായ അഴിച്ച് പണികള്‍ക്ക് സാധ്യതയേറെയാണ്. ഡൊമെസ്റ്റിക്കില്‍ റണ്‍സ് വാരിക്കൂട്ടുന്ന അഭിമന്യു ഈശ്വരനെയും സായി സുദര്ശനെയും ഋതുരാജിനെയുമൊന്നും ഏറെക്കാലം പുറത്ത് നിര്‍ത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ഈ സമ്പൂര്‍ണ്ണ തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവന്‍ രോഹിതിന്റെയും കോഹ്ലിയുടെ തലയില്‍ കെട്ടി വെക്കുകയല്ല. എങ്കിലും തങ്ങള്‍ കരിയറിന്റെ അവസാനഘട്ടത്തിലാണെന്നുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് അവര്‍ക്ക് ഈ പരമ്പര. അവര്‍ക്ക് കഴിയാവുന്നതിന്റെ പരമാവധി രോഹിതും കോഹ്ലിയും ടീം ഇന്ത്യക്ക് സംഭാവന ചെയ്ത് കഴിഞ്ഞു. അടുത്ത തലമുറക്ക് വഴിമാറിക്കൊടുക്കാനുള്ള സമയം അടുത്തുകൊണ്ടിരിക്കുകയാണെന്നും അവര്‍ തിരിച്ചറിയുന്നുണ്ടാവാം.

മറ്റൊരു ഹോം സീരിസിന് ഇനി ഏറെനാള്‍ കാത്തിരിക്കണം എന്നതിനാലും WTC സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു എന്നതിനാലും BGT സീരീസ് എന്ന ഹൈ പ്രൊഫൈല്‍ പരമ്പര തന്നെയാവും ഇതിഹാസതാരങ്ങള്‍ക്ക് പാഡ് അഴിക്കാനുള്ള ഏറ്റവും അനുയോജ്യമായ വേദി. ഇനി ഇന്ത്യ പരമ്പരയില്‍ തകര്‍ന്നു പോയാല്‍ തന്നെ ‘ഇതിഹാസങ്ങളുടെ വിടവാങ്ങല്‍ പരമ്പര’ എന്ന വൈകാരികതയില്‍ തോല്‍വി അധികം ഹൈലൈറ്റ് ചെയ്യപെടുകയുമില്ല.

എഴുത്ത്: ശങ്കര്‍ ദാസ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Read more