ഇന്ത്യൻ ടീമിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളറാണ് ജസ്പ്രീത് ബുംറ. നിർണായകമായ മത്സരങ്ങളിൽ അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യക്ക് വളരെ നിർണായകമാണ്. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമാണ് അദ്ദേഹം.
പ്രശസ്ത ആങ്കർ ആയ നാദിർ അലിയുടെ പോഡ്ഡ്‌കാസ്റ്റിൽ സംസാരിക്കവെ ഷോയിലെ ദിസ് ആന്റ് ദാറ്റ് ഗെയിമില്‍ ക്രിക്കറ്റിലെ താരങ്ങളുടെ പേരുകൾ ഓപ്‌ഷൻ ആയി നല്‍കിയ ശേഷം അവരില്‍ നിന്നൊരാളെ തിരഞ്ഞെടുക്കാന്‍ മുൻ പാക്കിസ്ഥാൻ ബാറ്ററായ അഹമ്മദ് ഷഹ്‌സാദിനോട് ആവശ്യപ്പെട്ടിരുന്നു.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളർ ആരാണെന്നുള്ള ചോദ്യത്തിൽ അഹമ്മദ് തിരഞ്ഞെടുത്തത് മുന്‍ ഇതിഹാസ താരവും ക്യാപ്റ്റനുമായിരുന്ന വസീം അക്രമിനെയായിരുന്നു. അക്രം, വഖാര്‍ യൂനിസ് ഇവരില്‍ ആരാണ് കേമനെന്നായിരുന്നു തുടര്‍ന്നുള്ള ചോദ്യം. അക്രം എന്നു തന്നെയായിരുന്നു ഷഹ്‌സാദിന്റെ ഉത്തരം. അടുത്തത് അക്രം ഷെയ്ന്‍ വോൺ ഇവരിലാരെ തിരഞ്ഞെടുത്തുക്കുമെന്നതായിരുന്നു. എന്നാൽ അവിടെയും അക്രം എന്ന് തന്നെ ആയിരുന്നു ഉത്തരം.
തുടർന്ന് ജസ്പ്രീത് ബുംറ അക്രം എന്നിവരുടെ പേരുകൾ നൽകിയപ്പോൾ ബുംറയെ മറികടന്നു വീണ്ടും അക്രം എന്ന ഉത്തരമാണ് അഹമ്മദ് തന്നത്. അതിന് അദ്ദേഹം പറയുന്നത് ഇങ്ങനെ:
“ബുംറ ലോകോത്തര ബൗളര്‍ തന്നെയാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്ത്യയെ ഒരുപാട് വലിയ മല്‍സരങ്ങളില്‍ ജയിപ്പിച്ചിട്ടുള്ള മഹാനായ ബൗളറാണ് അദ്ദേഹം, എന്നാൽ മികച്ച ഫാസ്റ്റ് ബോളർ അത് അക്രം തന്നെയാണ്” അഹമ്മദ് ഷഹ്‌സാദ് പറഞ്ഞു.