മാർച്ച് 22 മുതൽ ആരംഭിക്കുന്ന ഐപിഎലിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ താരങ്ങൾ. മലയാളി താരമായ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിൽ ഇത്തവണ ഇംഗ്ലണ്ട് താരം ജോസ് ബട്ലർ ടീമിന്റെ ഭാഗമല്ല. കഴിഞ്ഞ വർഷം നടന്ന മെഗാ താരലേലത്തിൽ താരത്തിനെ സ്വന്തമാക്കിയത് ഗുജറാത്ത് ടൈറ്റൻസാണ്.
രാജസ്ഥാൻ റോയൽസിനോടൊപ്പം 7 വർഷമാണ് ജോസ് ബട്ലർ കളിച്ചത്. അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ടീമിനെ എന്നും ഉന്നതങ്ങളിൽ എത്തിച്ച താരമാണ് അദ്ദേഹം. എന്നാൽ ഇത്തവണത്തെ ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായി ജോസ് ബട്ലർ ഇല്ലാത്തതിൽ വിഷമം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ.
സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ:
” ജോസ് ബട്‌ലർ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ഏഴ് വർഷത്തോളം ഞങ്ങൾ ഒരുമിച്ച് കളിച്ചു, ഒരു നീണ്ട ബാറ്റിംഗ് പങ്കാളിത്തം രൂപപ്പെടുത്തി. ഞങ്ങൾക്ക് പരസ്പരം നന്നായി അറിയാമായിരുന്നു, എപ്പോഴും ബന്ധം പുലർത്തിയിരുന്നു. അദ്ദേഹം എനിക്ക് ഒരു മൂത്ത സഹോദരനെപ്പോലെയായിരുന്നു. ഞങ്ങൾ ബട്ലറെ നിലനിർത്താൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ ഞങ്ങളുടെ കൈയ്യിൽ നിന്നും പോയി. പുതിയ ടീമിനൊപ്പം മികച്ച ഒരു സീസൺ ബട്ലർക്ക് പൂർത്തിയാക്കാൻ കഴിയട്ടെ” സഞ്ജു സാംസൺ പറഞ്ഞു.
മാർച്ച് 22 മുതലാണ് ഇത്തവണത്തെ ഐപിഎൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ആദ്യ മത്സരം കഴിഞ്ഞ വർഷത്തെ കപ്പ് ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിലാണ്.