രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനു വേണ്ടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നീക്കം നടത്തിക്കഴിഞ്ഞെന്ന് ഇന്ത്യന്‍ സീസിനയര്‍ താരം ആര്‍ അശ്വിന്‍. എംഎസ് ധോണിയുടെ പിന്‍ഗാമിയായി സഞ്ജുവിനെയാണ് സിഎസ്‌കെ കണ്ടു വച്ചിരിക്കുന്നതെന്നാണ് വിവരം.
എംഎസ് ധോണിയില്ലെങ്കില്‍ ആരെ വിക്കറ്റ് കീപ്പറായി കൊണ്ടുവരാമെന്നു ചെന്നൈ സൂപ്പര്‍ കിങ്സ് ചിന്തിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ ഈ താരത്തെ സിഎസ്‌കെ വാങ്ങുമെന്നും എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഭാവി ക്യാപ്റ്റനാക്കുമെന്നുമെല്ലാം അഭ്യൂഹങ്ങളും വരുന്നുണ്ട്.
ആ താരത്തിന്റെ പേര് എനിക്കു വെളിപ്പെടുത്താന്‍ കഴിയില്ല. ഞാനും ഒരു ഫ്രാഞ്ചൈസിക്കു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ സിഎസ്‌കെ മാനേജ്മെന്റില്‍ നന്നായി ചിന്തിക്കുകയും പ്ലാനിംഗ് നടത്തുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്.
ധോണിക്കു പകരം ക്യാപ്റ്റന്‍ ആരാവണമെന്നു അവര്‍ ആലോചിക്കുന്നുണ്ട്. സിഎസ്‌കെ എല്ലായ്പ്പോഴും വളരെ നന്നായി ആലോചിച്ച് തീരുമാനമെടുക്കുന്ന ഫ്രാഞ്ചൈസിയാണ്- അശ്വിന്‍ വ്യക്തമാക്കി.
സഞ്ജുവിന്റെ പേര് പരാമര്‍ശിക്കാതെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത് എങ്കിലും മലയാളി താരത്തെ തന്നെയാണ് അശ്വിന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. കഴിഞ്ഞ സീസണിലും ഈ സീസണിലുമെല്ലാം ചെന്നൈ സഞ്ജുവിനെ സമീപിച്ചെന്നും എന്നാല്‍ താരം ആ ഓഫര്‍ നിരസിച്ചുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഒമ്പതു സീസണുകളായി റോയല്‍സ് ടീമിന്റെ ഭാഗമാണ് സഞ്ജു. ഫ്രാഞ്ചൈസിയെ സംബന്ധിച്ച് അദ്ദേഹം അവര്‍ക്കു ഐക്കണ്‍ താരമായി മാറിക്കഴിഞ്ഞു. 2021ലെ സീസണിനു മുമ്പാണ് റോയല്‍സ് ടീമിന്റെ നായകസ്ഥാനത്തേക്കു സഞ്ജു എത്തിയത്. 2022 ല്‍ ഫൈനലിലെത്തിയതാണ് മികച്ച പ്രകടനം.