കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലൂടെ ഐപിഎലില്‍ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ ദിവസം നടന്ന കളിയില്‍ എട്ട് വിക്കറ്റിന്റെ ജയമാണ് നിലവിലെ ചാമ്പ്യന്‍മാര്‍ക്കെതിരെ മുംബൈ നേടിയത്. പുതുമുഖ ബോളര്‍ അശ്വനി കുമാറിന്റെ നാല് വിക്കറ്റ് പ്രകടനം മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായി. മലയാളി താരം വിഘ്‌നേഷ് പുതൂരിന് പിന്നാലെയാണ് സ്‌കൗട്ടിങ് ടീം കണ്ടെത്തിയ അശ്വനി കുമാറിനെ കഴിഞ്ഞ ദിവസം മുംബൈ ഇറക്കിയത്. പ്രതീക്ഷ വച്ചത് പോലെ അശ്വനി കുമാര്‍ ടീമിന്റെ രക്ഷകനാവുന്ന കാഴ്ചയാണ് ഇന്നലെ കാണാനായത്.
മൂന്ന് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അജിന്‍ക്യ രഹാനെ, റിങ്കു സിങ്, മനീഷ് പാണ്ഡെ. ആന്ദ്രെ റസല്‍ എന്നീ പ്രധാന ബാറ്റര്‍മാരുടെ വിക്കറ്റുകളാണ് അശ്വനി കുമാര്‍ വീഴ്ത്തിയത്. മറുപടി ബാറ്റിങ്ങില്‍ 117 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 12.5 ഓവറില്‍ ജയം നേടുകയായിരുന്നു. ആദ്യ മത്സരത്തിലെ പ്രകടനത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ് അശ്വനി കുമാര്‍. അതേസമയം പ്രാക്ടീസ് മാച്ചിനിടെ താരം തന്നെയും ടീം മാനേജ്‌മെന്റിനെയും എങ്ങനെ ഇംപ്രസ് ചെയ്തു എന്നുളളത് തുറന്നുപറയുകയാണ് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ.
“ആദ്യം തന്നെ പറയട്ടെ, ഇതെല്ലാം സംഭവിക്കുന്നത് മുംബൈ സ്‌കൗട്ട്‌സ് ടീം കാരണമാണ്. അവര്‍ എല്ലായിടത്തും പോയി ഈ പുതിയ കുട്ടികളെ തിരഞ്ഞെടുത്തു. ഞങ്ങള്‍ പ്രാക്ടീസ് മാച്ച് കളിച്ച സമയത്ത് അശ്വനി കുമാറിന് ആ സ്വിപും ലേറ്റ് സ്വിംഗും ഉണ്ടായിരുന്നു. വ്യത്യസ്തമായ ആക്ഷനും കൂടാതെ അവന്‍ ഒരു ലെഫ്റ്റി കൂടിയാണ്. പോസ്റ്റ് മാച്ച് പ്രസന്റേഷനിടെ ഹാര്‍ദിക് പറഞ്ഞു. ഡികോക്കിന്റെ ക്യാച്ചില്‍ തുടങ്ങി റസലിന്റെ വിക്കറ്റ് വീഴത്തിയ നിമിഷം വരെയുളള അശ്വനി കുമാറിന്റെ പ്രകടനത്തെ കുറിച്ചും ഹാര്‍ദിക് വാചാലനായി.
വളരെ നിര്‍ണായകമായൊരു വിക്കറ്റായിരുന്നു ആന്ദ്രെ റസലിന്റെതായി അശ്വിനി കുമാര്‍ വീഴ്ത്തിയത്. പ്രത്യേകിച്ച്, ഡികോക്കിന്റെ ക്യാച്ച് എടുത്ത് അവന്‍ തുടങ്ങിയ നിമിഷം. ഒരു ഫാസ്റ്റ് ബൗളര്‍ അത്രയും ഉയരത്തില്‍ ചാടി ക്യാച്ചെടുത്തത് വളരെ മികച്ചതായിരുന്നു. വിജയത്തില്‍ വളരെ സംതൃപ്തനാണ് ഞാന്‍. പ്രത്യേകിച്ച് ഹോം ഗ്രൗണ്ടില്‍ വച്ച് എന്നതിന്. എല്ലായ്‌പ്പോഴും ഇവിടെയും അവിടെയുമായി ഒരാളെ ടീമില്‍ തിരഞ്ഞെടുക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഞങ്ങളുടെ ടീമില്‍ ഞങ്ങള്‍ പിന്തുണയ്ക്കുന്നവരുടെ കാര്യം കുറച്ച് ലളിതമാണ്. ഈ വിക്കറ്റ് കുറച്ചുകൂടി മികച്ചതാണ്. അശ്വനിക്ക് അദ്ദേഹത്തിന്റെ ശൈലിയില്‍ മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിയുമെന്ന് ഞങ്ങള്‍ കരുതി, ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.