വലിയ സംഭവം ആണെന്ന വിചാരം ആ താരത്തിനുണ്ട്, എന്നാൽ എന്റെ മുന്നിൽ അവൻ ഒന്നും അല്ല: മുഹമ്മദ് സിറാജ്

ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ ആദ്യ മത്സരം പെർത്തിൽ സമാപിച്ചപ്പോൾ പതിവുപോലെ തന്നെ ഓൺ ഫീൽഡ് യുദ്ധങ്ങൾ കാരണം ആവേശം നിറഞ്ഞ ഒരു പോരാട്ടം തന്നെയാണ് നടന്നതെന്ന് പറയാം. ഇതിൽ എടുത്ത് പറയേണ്ട ഒരു പോരാട്ടം മർനസ് ലബുഷാഗ്നെയുമായി മുഹമ്മദ് സിറാജ് ഏറ്റുമുട്ടിയ നിമിഷങ്ങൾ ആയിരുന്നു.

പെർത്തിൽ 295 റൺസിന് ഇന്ത്യ വിജയിച്ച മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഓസീസ് ബാറ്ററെ ഇന്ത്യൻ സ്പീഡ്സ്റ്റർ പുറത്താക്കിയിരുന്നു. മത്സരത്തിൽ പല നിമിഷങ്ങളിലും ഇരുവരും തമ്മിൽ വാക്ക്പോരാട്ടങ്ങളും നടക്കുകയും ചെയ്തു. a52 പന്തിൽ 2 റൺസ് മാത്രം എടുത്ത മാർനസ് സിറാജിന് മുന്നിൽ ഉത്തരമില്ലാതെ മടങ്ങി. കഴിഞ്ഞ 10 ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ, വലംകൈയ്യൻ ബാറ്റർ 14-ന് താഴെ ശരാശരിയിൽ എട്ട് ഒറ്റ അക്ക സ്‌കോറുകൾ മാത്രമാണ് നേടിയത്. പരമ്പരയിലെ രണ്ടാം മത്സരത്തിന് മുമ്പ് താരത്തെ കളിയാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ സിറാജ് .

“ഞാൻ മർനസിനെതിരെ ബൗളിംഗ് ഇഷ്ടപ്പെടുന്നു, കാരണം അവൻ വളരെയധികം സമ്മർദ്ദത്തിലാണ്. അവൻ ഒരുപാട് പന്തുകൾ പ്രതിരോധിച്ച് ആത്മവിശ്വാസം ഉണ്ടെന്ന് കാണിക്കാൻ ശ്രമിക്കുന്നു. എന്നാൽ അത് യഥാർത്ഥത്തിൽ ആത്മവിശ്വാസമല്ല. എൻ്റെ ആത്മവിശ്വാസം എപ്പോഴും ഉയർന്ന ഭാഗത്താണ്,” സിറാജ് പറഞ്ഞു.

അതേസമയം ടെസ്റ്റിൽ സിറാജ് മൂന്ന് തവണ ലബുഷാഗ്നെയുടെ വിക്കറ്റ് നേടിയെങ്കിലും ബാറ്റർ 41.70 ശരാശരിയിൽ സിറാജിനെതിരെ 125 റൺസ് നേടിയിട്ടുണ്ട്. 2023 ൻ്റെ തുടക്കം മുതൽ ആണ് ഓസ്‌ട്രേലിയൻ ബാറ്ററുടെ ഫോമിൽ ഇടിവ് സംഭവിച്ചു തുടങ്ങിയത്. അവസാന 37 ടെസ്‌റ്റ് ഇന്നിംഗ്‌സുകളിൽ നിന്ന് 30 കാരനായ താരം ഒരു സെഞ്ച്വറി മാത്രമാണ് അടിച്ചത്.