ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം കോച്ച് ജസ്റ്റിന്‍ ലാംഗറും താരങ്ങളും തമ്മിലെ അസ്വാരസ്യം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഡ്രസിംഗ് റൂമിലെ സംഭവങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതും പ്രശ്‌നങ്ങള്‍ വഷളാക്കി. ഓസിസ് ടീമിലെ പ്രശ്‌നങ്ങളില്‍ ലാംഗറെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖവാജ. കളിക്കാര്‍ തന്നെ പിന്നില്‍ നിന്നു കുത്തിയെന്ന തോന്നല്‍ ലാംഗര്‍ക്കുണ്ടായെന്നും അതു മാറ്റിയെടുക്കേണ്ടതുണ്ടെന്നും ഖവാജ പറഞ്ഞു.
ആവലാതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളമ്പുന്നതിനു പകരം മികച്ച പ്രകടനം നടത്തുകയാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ചെയ്യേണ്ടത്. ശിഷ്യന്‍മാര്‍ തന്നെ പിന്നില്‍ നിന്ന് കുത്തിയെന്ന തോന്നല്‍ ലാംഗര്‍ക്ക് ഉണ്ട്. അതു നിരാശപ്പെടുത്തുന്ന കാര്യമാണ്. പരിഹാരം കാണേണ്ട വിഷയമാണതെന്നും ഖവാജ പറഞ്ഞു.ടീമിന്റെ മോശം പ്രകടനത്തില്‍ കോച്ചിനെ മാത്രം പൂര്‍ണമായും കുറ്റപ്പെടുത്താനാവില്ല. കളിക്കാര്‍ മികച്ച പ്രകടനം നടത്തുന്നില്ല. അവരും ഉത്തരവാദിത്വം ഏറ്റെടുക്കണം- ഖവാജ കൂട്ടിച്ചേര്‍ത്തു.
2018ലെ യുഎഇ പര്യടനത്തിനിടെ ലാംഗറും ഖവാജയും ഡ്രസിംഗ് റൂമില്‍ രൂക്ഷമായ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ലാംഗറുമായുള്ള ഉടക്കാണ് ഖവാജയ്ക്ക് ടീമില്‍ സ്ഥാനം നഷ്ടപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. അതെല്ലാം മറന്നാണ് ഖവാജ ലാംഗര്‍ക്ക് പിന്തുണമായി എത്തിയിരിക്കുന്നത്.