ഐ.പി.എല്ലിന്റെ ആവേശക്കാഴ്ചകള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി സിഡ്‌നിയിലെത്തി. മൂന്നു വീതം ട്വന്റി20, ഏകദിന മത്സരങ്ങളും നാലു ടെസ്റ്റുകളുമാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്. എന്നാല്‍ നായകന്‍ വിരാട് കോഹ്‌ലി എല്ലാ ടെസ്റ്റ് മത്സരങ്ങള്‍ക്കും ഉണ്ടാവില്ല. ആദ്യ കുഞ്ഞിനെ വരവേല്ക്കുന്നതിന്റെ ഭാഗമായി കോഹ്‌ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങും. കോഹ്‌ലിയുടെ അഭാവം ശക്തരായ ഓസീസിനെതിരെ ഇന്ത്യക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഇതിലിപ്പോള്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍.
“എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട മികച്ച താരങ്ങളിലൊരാളാണ് കോഹ്‌ലി. അതിന് പല കാരണങ്ങളുണ്ട്. അവന്റെ ബാറ്റിംഗ് മാത്രമല്ല, ആ ഉന്മേഷം, ക്രിക്കറ്റിനോടുള്ള ആഗ്രഹം, ഇഷ്ടം, അവന്‍ ഫീല്‍ഡ് ചെയ്യുന്ന രീതി. അവന്റെ ആ ഉത്സാഹമാണ് എല്ലാ കാര്യങ്ങളും അവന്റെ വരുതിയിലാക്കുന്നത്. കോഹ്‌ലി കളിക്കാത്തത് സന്തോഷം നല്‍കുമോയെന്ന് ചോദിച്ചാല്‍ റിച്ചമണ്ടില്‍ നിന്ന് ഡുസ്റ്റിന്‍ മാര്‍ട്ടിന്‍ പുറത്താകുന്നത് പോലെയാണത്.”
“കോഹ്‌ലിയുടെ അഭാവം തീര്‍ച്ചയായും ഇന്ത്യയെ ബാധിക്കും. ഇക്കാര്യം ഇന്ത്യക്കും അറിയാം. അവസാന പോരാട്ടത്തില്‍ അവര്‍ ഞങ്ങളെ തോല്‍പ്പിച്ചതാണ്. വളരെ മികച്ച ടീമാണവര്‍. കോഹ്‌ലിയുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു സെക്കന്റ് പോലും വിശ്രമിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. വളരെ പ്രതീക്ഷയോടെയാണ് പരമ്പരയെ കാണുന്നത്” ലാംഗര്‍ പറഞ്ഞു.