ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പമുള്ള (സിഎസ്‌കെ) എംഎസ് ധോണിയുടെ ഭാവിയാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയം. നിരവധി റിപ്പോർട്ടുകൾ പ്രകാരം, അഞ്ച് തവണ ചാമ്പ്യൻമാർ തങ്ങളുടെ മുൻ ക്യാപ്റ്റനെ ഐപിഎൽ 2025-ൽ അൺക്യാപ്പ്ഡ് കളിക്കാരനായി നിലനിർത്താൻ ആഗ്രഹിക്കുന്നു എന്നായിരുന്നു. എന്നിരുന്നാലും, ഒരു നിയമം പുനരവതരിപ്പിക്കാൻ ചെന്നൈ ബിസിസിഐയെ സമീപിച്ചിട്ടില്ലെന്ന് ഫ്രാഞ്ചൈസിയുടെ സിഇഒ കാശി വിശ്വനാഥൻ വെളിപ്പെടുത്തി. അഞ്ച് വർഷത്തിൽ ഏറെയായി വിരമിച്ച ഒരു താരത്തെ അൺക്യാപ്ഡ് കളിക്കാരായി ലീഗിൽ കാണാൻ സാധിക്കുന്ന ഒരു നിയമം ആയിരുന്നു ഇത്.
ടീമുകൾ അധികമൊന്നും ഉപയോഗിക്കാത്ത ഈ നിയമം ബിസിസിഐ എടുത്ത് കളഞ്ഞിരുന്നു. 2021-ൽ ഇന്ത്യൻ ക്രിക്കറ്റിൻ്റെ പരമോന്നത ബോഡി ഈ നിയമം റദ്ദാക്കിയതിന് ശേഷം ചെന്നൈയുടെ ആവശ്യം കാരണം വീണ്ടും കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ സ്ഥിതീകരിച്ചിരുന്നു.
“നിയമം വീണ്ടും കൊണ്ടുവരാൻ ഞങ്ങൾ ഒരിക്കലും ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റ് ബോർഡാണ് അൺക്യാപ്ഡ് കളിക്കാരെക്കുറിച്ചുള്ള പഴയ നയം തിരികെ കൊണ്ടുവരാനുള്ള അവരുടെ ആഗ്രഹത്തെക്കുറിച്ച് ഞങ്ങളെ അറിയിച്ചത്, ”കാശി വിശ്വനാഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് 5 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അതിനാൽ തന്നെ ചെന്നൈ ഇത്തരം ഒരു നിയമത്തിലൂടെ കുറഞ്ഞ തുകക്ക് ധോണിയെ ടീമിൽ എത്തിക്കാൻ ശ്രമിക്കുമെന്നായിരുന്നു പറയപ്പെട്ടത്. എന്നാൽ ധോണിയെ സംബന്ധിച്ചിടത്തോളം സിഎസ്‌കെയാണ് എല്ലാം, തന്നെ നിലനിർത്താൻ ഫ്രാഞ്ചൈസിയെ നിർബന്ധിച്ച് അവരുടെ കോമ്പിനേഷനിൽ സ്വാധീനം ചെലുത്താൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.
“ഒരുപാട് സമയം ബാക്കിയുണ്ട്. പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും പുറത്തുവന്നുകഴിഞ്ഞാൽ ഞാൻ ഫ്രാഞ്ചൈസിയുമായി ചർച്ച ചെയ്യും. ഞാൻ കാരണം CSK കഷ്ടപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് പുതിയ പ്രക്രിയയെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്, ”എംഎസ് ധോണി പറഞ്ഞു.