ക്രിക്കറ്റ് ലോകം ആഗ്രഹിച്ച് പോകുന്നു, ഇത് ഒരു ദുഃസ്വപ്നം മാത്രമായിരുന്നെങ്കിൽ

ജയറാം ഗോപിനാഥ്

“തോറ്റുപോകുക” എന്ന അവസ്ഥയെ അംഗീകരിക്കുവാൻ മനസ് പാകമാകുന്നതിനു മുൻപുള്ള ആ കാലത്ത്, തോൽപ്പിക്കുന്നവരെല്ലാം എനിക്ക് വെറുക്കപ്പെട്ടവരായിരുന്നു. ഇന്ദ്രനെ സ്ഥാനഭ്രിഷ്ടനാക്കി ദേവലോകം കയ്യടക്കുന്ന, രാമാനന്ദ് സാഗറുടെ ടെലിസീരിയലിലെ ബ്രഹ്മവരം കിട്ടിയ അസുരൻമാരെപോലെ, എന്റെ ബാല്യ-കൗമാര കാലത്ത് വെറുക്കപ്പെട്ടു പോയവരുടെ പട്ടികയിലെ പ്രഥമഗണനീയരായിരുന്നു ക്രിക്കറ്റിലെ ആ മഞ്ഞകുപ്പായക്കാർ.”

ദൂരദർശനിലൂടെ കണ്ട ബാണനും, ബകനും, ഹിരണ്യാക്ഷനും, ശമ്പരനുമൊക്കെ നിറഞ്ഞ ദൈത്യസേനയെപോലെ, ഞാൻ ആ കാലത്ത് ഭീതിയോടെ നോക്കിയിരുന്ന, “മൈറ്റി ഓസിസ് ” എന്ന് ക്രിക്കറ്റ് ലോകം ആദരവോടും തെല്ല് അസൂയയോടും വിശേഷിപ്പിച്ച ആ മഞ്ഞപടയുടെ, സുവർണ തലമുറയുടെ പതാകവാഹകരിൽ മറ്റൊരാൾ കൂടി നിനച്ചിരിക്കാത്ത നേരത്ത് നമ്മെ വിട്ടു പിരിഞ്ഞു പോയിരിക്കുന്നു.

2007 ലെ T20 ലോകകപ്പിലെ സെമിഫൈനലിൽ, ഇർഫാൻ പത്താന്റെ ബാക്ക് ഓഫ് ദി ലെങ്ത് ഡെലിവറി ആ മനുഷ്യന്റെ ഓഫ്‌ സ്റ്റമ്പ് പിഴുത നിമിഷത്തിന് മുൻപ് വരെ നമ്മൾ അനുഭവിച്ച ഒരു വല്ലാത്ത വീർപ്പുമുട്ടലുണ്ടായിരുന്നു. ആ വീർപ്പുമുട്ടലിന്റെ പേരായിരുന്നു “ആൻഡ്രൂസ് സൈമൺസ്”.

മുറിച്ചിട്ടടത്തൂന്ന് മുറികൂടുന്നവിധം അപകടകാരികളായി, അജ്ജയരായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം രൂപാന്തരപെട്ടതിൽ, ഒഴിച്ച് കൂട്ടാനാവാത്തൊരു പങ്ക് അയാൾക്കുമുണ്ടായിരുന്നു. തല വെട്ടിയിട്ടാൽ, വാല് വളർന്ന് മറ്റൊരു തലയായി മാറി എതിരാളിയെ വിഴുങ്ങുന്ന ആ ഓസ്ട്രേലിയൻ മാജിക്ക്, അയാൾ ക്രീസിൽ നിൽക്കുമ്പോൾ നമ്മളെത്രയോ തവണ കണ്ടിരിക്കുന്നു.

2003 ലോകകപ്പിൽ, ന്യൂ വാണ്ടറേഴ്‌സിൽ അക്രവും, വഖാറും, അക്ത്തറും ചേർന്ന് 86/4 എന്ന നിലയിലേക്ക് അരിഞ്ഞു തള്ളിയിടത്തൂന്ന്, ഓസ്ട്രേലിയൻ സ്കോർ 310 ൽ എത്തിക്കുന്ന ഒരു ബെല്ലിഗ്രന്റ് 143 ഉണ്ട്. 2006 ലെ വി ബി സീരിസിൽ, സിഡ്നിയിൽ ചമിന്ദവാസിനു മുൻപിൽ തകർന്ന്, 10/4 എന്ന നിലയിലേക്ക് വീണവരെ, 368 ൽ എത്തിക്കുന്ന ഒരു സ്വാഷ്ബക്കളിംഗ് 151 ഉണ്ട്. 2006 ലെ ആഷസിലെ മെൽബൺ ടെസ്റ്റിൽ ഫ്ലിന്റോഫിനു മുൻപിൽ ഉത്തരമില്ലാതെ 86/5 ലേക്ക് വീണുപോയവരെ, 419 ൽ എത്തിക്കുന്ന ഒരു റിസൈലന്റ് 156 ഉണ്ട്. എല്ലാത്തിനും മുകളിലായി, ഓർക്കാനിഷ്ടപ്പെടാത്ത 2008 ലെ ആ സിഡ്നി ടെസ്റ്റിൽ, ആർ പി സിങ്ങിന്റെ മാജിക്കൽ സ്പെല്ലിൽ 134/6 ലേക്ക് കൂപ്പുകുത്തിയവരെ, 463 ൽ എത്തിച്ച കീഴടങ്ങാതെ നിന്ന ഒരു സ്കിന്റില്ലേറ്റിങ് 162 ഉണ്ട്.

അങ്ങനെ എത്ര എത്ര ഇന്നിങ്സുകൾ, എക്സ്ട്രാ കവറിനു മുകളിലൂടെ പന്തിനെ പറത്തുന്ന ആ കരുത്തുറ്റ ബാക്കിഫുട്ട് പഞ്ചിനെ വിസ്‌മൃതിയിലാക്കികൊണ്ട്, ഫീൽഡിലെ ചടുലതയ്ക്കു പര്യായ മായിരുന്നു ആ മുഴുനീളൻ ഡൈവുകളെയും, ഡയറക്റ്റ് ത്രോകളെയുമൊക്കെ ഓർമ്മയാക്കികൊണ്ട്, ഗില്ലിയുടെയും, പുണ്ടറിന്റെയുമൊക്കെ പ്രീയപെട്ട “റോയ് ” മരണമെന്ന രംഗബോധമില്ലാത്ത കോമാളിയുടെ കൈയും പിടിച്ചു കൊണ്ട് യാത്രയായിരിക്കുന്നു.

“നിങ്ങളെ ഇനിയുമൊരിക്കലും കാണാനാവില്ലല്ലോ എന്ന സത്യത്തെ എനിക്ക് അംഗീകരിക്കുവാനാവുന്നില്ല. ഇതൊരു ദുഃസ്വപ്ന്മായിരുന്നെങ്കിൽ!” ഷെയ്ൻ വോൺ മരണപ്പെട്ടപ്പോൾ, സൈമൺസ് ട്വിറ്ററിൽ കുറിച്ചതാണ്.
ടൗൺസ് വില്ലിൽ , ആലീസ് നദിക്ക് സമീപം ഹെർവി റേഞ്ച് റോഡിൽ നിന്നും തെന്നിമാറിയുരുണ്ട് മലക്കം മറിഞ്ഞുപോയ ആ വാഹനത്തിലെ ഏകനായ സഞ്ചാരി, ക്രിക്കറ്റെന്ന “ജന്റിൽ മാൻസ്” ഗെയ്മിലെ അത്ര ജന്റിൽമാനല്ലായിരുന്നു “വാർണിക്ക് ” കൂട്ടായിട്ട് നമ്മെ വിട്ടു പിരിഞ്ഞു പോകുമ്പോൾ, നമ്മളും ആഗ്രഹിച്ചു പോകുന്നു, ഇത് ഒരു ദുസ്വപ്നം മാത്രമായിരുന്നെങ്കിലെന്ന്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ