നിലവിലെ ഏകദിന ഫോര്‍മാറ്റ് വിരസമായി മാറിയെന്ന് തുറന്ന് പറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അതിന്റെ കാരണവും എവിടെയാണ് മാറ്റം വരുത്തേണ്ടതെന്നും സച്ചിന്‍ വിശദീകരിച്ചു.
നിലവിലെ ഏകദിന ഫോര്‍മാറ്റ് ഏറെ വിരസത തോന്നിപ്പിക്കുന്നതാണ്. നിലവില്‍ ഒരു ഇന്നിംഗ്സില്‍ രണ്ട് ന്യൂബോളുകളാണുള്ളത്. രണ്ട് ന്യൂബോള്‍ ലഭിക്കുന്നതോടെ റിവേഴ്സ് സ്വിംഗ് ഒഴിവാകും. മത്സരം 40ാം ഓവറിലെത്തുമ്പോഴും പന്ത് 20 ഓവറിലെത്തുന്നതാവും അവസ്ഥ. 30 ഓവറെങ്കിലും പിന്നിടാതെ പന്തിന് റിവേഴ്സ് സ്വിംഗ് ലഭിക്കില്ല.
റിവേഴ്സ് സ്വിംഗ് ഇന്നത്തെ മത്സരങ്ങളില്‍ നഷ്ടമാവുകയാണ്. ഇന്നത്തെ മത്സരങ്ങള്‍ ബൗളര്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാവുന്നു. മത്സരഫലത്തെ നേരത്തെ പ്രവചിക്കാന്‍ സാധിക്കുന്നു. 15ാം ഓവറും 40ാം ഓവറും മത്സരഫലത്തെ തീരുമാനിക്കുന്നു. ഇത് ശരിക്കും വിരസത സൃഷ്ടിക്കുന്നു.
ടെസ്റ്റിലെപ്പോലെ തന്നെ ഇന്നിംഗ്സ് അടിസ്ഥാനത്തില്‍ ഏകദിനം നടത്തുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങാവുന്നതാണ്. 25 ഓവര്‍ ഒരു ടീം ബാറ്റ് ചെയ്യുക. അടുത്ത 25 ഓവര്‍ രണ്ടാമത്തെ ടീമും. പിന്നീട് അടുത്ത ടീമും എന്ന നിലയില്‍ 25 ഓവര്‍ വീതമുള്ള നാല് ഇന്നിങ്സുകളിലായി മത്സരം മാറ്റിയാല്‍ അത് കൂടുതല്‍ ആസ്വാദ്യകരമാവും- സച്ചിന്‍ പറഞ്ഞു.