മുന്‍നിരയും മദ്ധ്യനിരയും സമ്പൂര്‍ണ്ണമായി തകര്‍ന്നപ്പോള്‍ പത്താമനും പതിനൊന്നാമനും കണ്ടെത്തിയ ബാറ്റിംഗ് മികവില്‍ ഇംഗ്‌ളണ്ട് രക്ഷപ്പെട്ടു. ടീമിലെ ടോപ് സ്‌കോററായതാകട്ടെ പതിനൊന്നാമത് ബാറ്റ് ചെയ്യാന്‍ വന്നയാളും. വെസ്റ്റിന്‍ഡീസിനെതിരേയുള്ള മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്‌ളണ്ടിനെ രക്ഷിച്ചത് പത്താമന്‍ ജാക്ക് ലീച്ചും പതിനൊന്നാമന്‍ സഖീബ് മഹ്‌മൂദും ഇരുവരും ചേര്‍ന്ന് പത്താം വിക്കറ്റില്‍ അടിച്ചു കൂട്ടിയത് 90 റണ്‍സായിരുന്നു. ഇരുവരുടേയും കൂട്ടുകെട്ടില്‍ ഇംഗ്‌ളണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചത് 204 റണ്‍സിനായിരുന്നു.
ലീച്ച് 41 റണ്‍സ് അടിച്ചപ്പോള്‍ മഹ്‌മൂദ് 49 റണ്‍സും നേടി. മുന്‍ നിരയില്‍ നായകന്‍ ജോ റൂട്ട് ഉള്‍പ്പെടെയുള്ളവര്‍ അതിവേഗം മടങ്ങിയതോടെയാണ് ലീച്ചും മഹ്‌മൂദും വിന്‍ഡീ് ബൗളിംഗിനെ നേരിട്ട് ഇംഗ്‌ളണ്ടിന്റെ സ്‌കോര്‍ 200 കടത്തിയത്. 31 റണ്‍സ് എടുത്ത ഓപ്പണര്‍ അലക്‌സ് ലീസ് 31 റണ്‍സിന് പുറത്തായതിന് പിന്നാലെ 25 റണ്‍സിനിടയില്‍ പുറത്തായത് ആറു പേരായിരുന്നു. കഴിഞ്ഞ ടെസ്റ്റിലെല്ലാം മികച്ച ബാറ്റിംഗ് കാഴ്ചവെച്ച നായകന്‍ ജോ റൂട്ട് പൂജ്യത്തിന് പുറത്തായി.
ലീസ് റോക്കിന്റെ പന്തില്‍ ഡിസില്‍വ പിടിച്ചതിന് പിന്നാലെ വന്ന ജോ റൂട്ടിന് ഒമ്പത് പന്തുകളാണ് നേരിടാനായത്. മായേഴ്‌സിന്റെ പന്തില്‍ ഡാ സില്‍വയായിരുന്നു റൂട്ടിനെയുംമടക്കിയത്. ഓപ്പണര്‍ സാക്ക്് ക്രൗളിയ്ക്ക് എടുക്കാനായത് ഏഴു റണ്‍സ്. മായേഴ്‌സിന്റെ പന്തില്‍ ബ്രെത്‌വെയ്റ്റ് പിടിച്ചു. ഡാന്‍ ലോറന്‍സ് എട്ടു റണ്‍സിനും ബെന്‍ സ്‌റ്റോക്‌സ് രണ്ടു റണ്‍സിനും ജോണി ബെയ്ര്‍സ്‌റ്റോ പൂജ്യത്തിനും പുറത്തി. ബെന്‍ ഫോകസ് ഏഴു റണ്‍സ എടുത്തു.
വെറും 67 റണ്‍സിന് ഏഴു വിക്കറ്റോളം നഷ്ടപ്പെട്ടു കഴിഞ്ഞാണ് ഇംഗ്‌ളണ്ട് പൊരുതാന്‍ ആരംഭിച്ചത്. ക്രിസ് വോക്‌സ് 25 റണ്‍സിനും ക്രെയ്ഗ് ഓവര്‍ട്ടണ്‍ 14 റണ്‍സിനും പുറത്തായതോടെയാണ് ജാക്ക് ലീച്ചും സഖിബ് മഹ്‌മൂദും കൂടിച്ചേര്‍ന്നത്. ഇരുവരും വിന്‍ഡീസ് ബൗളിംഗിനെ ക്ഷമയോടെ നേരിട്ട് സ്‌കോര്‍ 204 ല്‍ എത്തിക്കുകയായിരുന്നു. 141 പന്തുകള്‍ നേരിട്ടാണ് ലീച്ച് 41 റണ്‍സ് എടുത്തത്. 118 പന്തുകള്‍ നേരിട്ടായിരുന്നു സഖിബ് മഹ്‌മൂദ് 49 റണ്‍സും നേടിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ 145 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് പത്താമനും പതിനൊന്നാമനും ബാറ്റിംഗ് ഓര്‍ഡറില്‍ ടോപ് സ്‌കോററാകുന്നതും ടെസ്റ്റ് ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കുന്നതും. 1885 ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരേ ഇംഗ്‌ളണ്ടിന്റെ എഡ്‌വിന്‍ ഇവാന്‍സും ടോം ഗരേറ്റുമായിരുന്നു ഈ നേട്ടം ഉണ്ടാക്കിയത്.