ശിവ അഞ്ചൽ
ഗാരി കേഴ്സ്റ്റൻ- നിസംശയം പറയാം ഗുജറാത്തിന്റ ഏറ്റവും വലിയ സൈനിങ് ഈ മനുഷ്യൻ തന്നെയാണ്. അതിനുള്ള ഉത്തരമാണ് പോയിന്റ് ടേബിളിലെ അവരുടെ മുന്നേറ്റവും. കപിലിനു ശേഷം ധോണിയിലൂടെ വിശ്വകിരീടം നമ്മുടെ കൈയിലേക്ക് എത്തി, റൈനയുടെയും, കോഹ്ലി യുടെയും ചുമലിൽ ഏറുമ്പോഴും അയാളുടെ മുഖത്ത് ഒരു അതിപ്രസരമോ, അസാധാരണമായ പ്രകടനങ്ങൾ ഒന്നും വായിക്കാൻ കഴിഞ്ഞില്ല, പകരം കൃത്രിമത്വം കാണിക്കാതെയുള്ള എപ്പോഴുമുള്ള പുഞ്ചിരി മാത്രം.
ഗാരി, അയാൾ എതിരാളികൾക്ക് നിശബ്ദനായി പുഞ്ചിരിക്കുന്ന കൊലയാളി ആണ്, ഹാർഡിക്ക് അടക്കമുള്ള മറ്റുകളിക്കാരുടെ കളി തന്ത്രങ്ങൾ പഠിക്കാതെ, ഗാരിയുടെ തന്ത്രങ്ങൾ കൂടി അറിഞ്ഞിരുന്നാൽ മാത്രമേ നിങ്ങൾക്ക് ഗുജറാത്തിനെ കീഴ്പ്പെടുത്താൻ കഴിയൂ.
കാരണം ഒരാളിൽ നിന്ന് ഒന്നിലേറെ പേരെക്കൊണ്ട് വിജയിപ്പിക്കാൻ പരിശീലിപ്പിച്ചെടുക്കുന്ന ഒരു ബുദ്ധിമാനാണ് അദ്ദേഹം. ഗുജറാത്തിന്റെ ബാറ്റിങ് കോച്ചിന്റെ ചുമതല അദ്ദേഹം എത്രത്തോളം ഭംഗിയായി നിർവഹിക്കുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ്.തെവാട്ടിയയുടെയും , റാഷിദ്‌ഖാന്റെയും സ്ഥിരതയോടെയുള്ള ഫിനിഷിങ്. കഴിഞ്ഞ കുറച്ച് സീസണുകളിൽ കില്ലർ മില്ലറിന്റെ അവസ്ഥ എന്തായിരുന്നു.
ഒന്നോ രണ്ടോ കാമിയോ ഇന്നിങ്സുകൾ കളിച്ചതൊഴിച്ചാൽ രാഹുൽ തീവാട്ടിയായും ശോകമായിരുന്നു. എന്നാൽ ഈ സീസണിൽ ടൈറ്റൻസിന്റെ മധ്യനിരയോളം ശക്തി വേറൊരു ടീമിനും ഇല്ല. അവസാന ഓവറിൽ അവർ 36 റൺസ് പിന്തുടർന്ന് ജയിച്ചാൽ പോലും അത്ഭുതമൊന്നും നമുക്ക് തോന്നില്ല. അവർ നേടിയില്ലെങ്കിലേ അത്ഭുതമായി തോന്നുകയുള്ളൂ. ഒരു ശരാശരി ടീം എന്ന് പലരും എഴുതിച്ചേർത്തിടത്തു നിന്ന് ഒരു ടീമിനും അവകാശപെടാൻ കഴിയാത്തത്രപോലും അസാധാരണ കുത്തിപ്പാണ് ഗുജറാത്ത് ടീം.
ഓരോ കളിയിലും അവരുടെ പ്ലയെർ ഓഫ് ദ മാച്ച് പലരുമാകും. അത് മാത്രം മതി കളിയിൽ അവർ ഒരാളെ ആശ്രയിച്ചല്ല മുന്നേറുന്നത് എന്ന്. പക്ഷേ എല്ലാ വിജയങ്ങളുടെ ക്രെഡിറ്റും ഹാർഡിക്കിൽ നിക്ഷിപ്തമാകുമ്പോൾഗാരിയെ ഓർക്കാൻ കൂടി എല്ലാവരും മറക്കുന്നു.
ഡഗ് ഔട്ടിൽ, ആഹ്ലാദിക്കുകയും രോഷാകുലരാകുകയും ചെയ്യുന്ന പോണ്ടിങ്ങിനെയും, മുരളിയേയും, സംഗക്കരയെയും, ജയവർധനെയും,ഫ്ലെമിങ്ങിനെയും എല്ലാം നമ്മൾ എപ്പോഴും കാണാറുണ്ട്. പക്ഷേ അവിടെയെല്ലാം ആരും കാണാതെ പോകുന്ന ഒരു മുഖമുണ്ട് ഗാരി. അതേ അദ്ദേഹം അല്ലേലും അങ്ങനെയാണ് ചെയ്യുന്ന ജോലി നന്നായി ചെയ്യുക.
അഭിനന്ദനങ്ങളെയും, വാഴ്ത്തിപാടലുകളുടെയും പിറകെ പോകാറില്ല. ഒന്നുറപ്പിക്കാം ഈ ഗുജറാത്തിനെ നിങ്ങൾ പേടിക്കണം.
കടപ്പാട്: ക്രിക്കറ്റ് കാർണിവൽ