തന്റെ ടീമിന്റെ മുന്‍ നിര തകരുന്ന വേളകളിലായിരുന്നു, ക്രീസില്‍ വന്ന് ഏറ്റവും ഉജ്വമായ ബാറ്റിങ്ങ് വിരുന്ന് അയാള്‍ കാഴ്ചക്കാര്‍ക്ക് നല്‍കിയിരുന്നത്.. പരുക്കന്‍ ഡിഫെന്‍സീവ് ബാറ്റിങ്ങിന് പേര് കേട്ടവന്‍…! എന്നാലോ.., ആ ബാറ്റ് കൊണ്ട് അയാള്‍ കടത്തിയിരുന്ന ഓരോ ബൗണ്ടറികളിലും, ഇടം കയ്യന്‍ സ്‌റ്റൈലിഷ് ബാറ്റിങ്ങിലെ ഏറ്റവും മനോഹാരിതയുണ്ടായിരുന്നു..
അക്കാലങ്ങളില്‍ ലങ്കന്‍ ടീമിനെ കരകയറ്റിയതും, വിജയത്തിലേക്കെത്തിച്ചതുമായ അനേകം ഇന്നിങ്ങ്‌സുകള്‍ അയാള്‍ക്കുണ്ട്. ഏകദിനത്തില്‍ ഏഴാം നമ്പറില്‍ വന്ന് ആദ്യമായി സെഞ്ച്വറി അടിച്ചവന്‍.., ദക്ഷിണാഫ്രിക്കയില്‍ പോയി ലങ്കക്കായി ആദ്യമായി ടെസ്റ്റ് സെഞ്ച്വറി നേടിയവന്‍…,, എന്നിങ്ങനെ ചില ബാറ്റിങ്ങ് റെക്കോര്‍ഡുകളിലുമൊക്കെ തന്റെ പേര് എഴുതിച്ചേര്‍ത്തിട്ടുമുണ്ട്.
ലങ്കന്‍ പിച്ചുകളില്‍ ബാറ്റുയര്‍ത്താന്‍ മാത്രമല്ല!, പെര്‍ത്തിലും, സെഞ്ചൂറിയനിലുമൊക്കെ സെഞ്ച്വറിയടിച്ച് ബാറ്റുയര്‍ത്താനും അയാള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കളിക്കളത്തില്‍ ഉണ്ടായിരുന്നപ്പോള്‍ മിക്ക പണിയും ലങ്കന്‍ ടീമിന് വേണ്ടി ചെയ്തിട്ടുമുണ്ട്.., വിക്കറ്റ് കീപ്പറായി നില്‍ക്കണോ..? അതിന് റെഡി, ഇരു കൈകള്‍ കൊണ്ടും ബൗളിങ് ചെയ്യണോ..? വേണ്ടി വന്നാല്‍ അതിനും റെഡി!, ഇനി ലങ്കന്‍ ക്യാപ്റ്റന്‍ ആകണോ..? ഒടുക്കം അതും റെഡി!….
ആ സമയത്തെ ലങ്കയുടെ പേര് കേട്ട കളിക്കാരുടെ പേരുകളുടെ നിഴലില്‍ ഒതുങ്ങേണ്ടിവന്ന ഒരു കളിക്കാരന്‍ കൂടിയാണ് ഇയാള്‍. പ്രത്യേകിച്ചും ലങ്കന്‍ ക്രിക്കറ്റിന്റെ തൊണ്ണൂറുകളിലെ തേരോട്ടങ്ങളില്‍ ടീം ഇന്നിങ്‌സിന്റെ അവസാന രക്ഷകന്റെ വേഷത്തിലെത്തുന്ന അയാളുടെ പങ്കുകള്‍ ഏറ്റവും വിലപ്പെട്ടവയായിരുന്നു..
തന്റെ ടീമിലെ മുന്‍നിര ബാറ്റ്സ്മാന്‍മാരില്‍ നിന്ന് കുറച്ച് കൂടി പിന്തുണ ലഭിച്ചിരുന്നെങ്കില്‍ അയാളുടെ ബാറ്റിങ്ങ് കണക്കുകള്‍ ഇതിലേറെ ഇംപ്രസീവായിരുന്നു എന്നും വിശ്വസിക്കുന്നു. ഈ പറഞ്ഞതെല്ലാം മുന്‍ ശ്രീലങ്കന്‍ താരം ഹഷന്‍ തിലക് രത്‌നെയെ കുറിച്ചാണ്…
എഴുത്ത്: ഷമീല്‍ സലാഹ്
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍