ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് മുന്‍ വിക്കറ്റ് കീപ്പര്‍ സാബാ കരീം. സെലക്ടര്‍മാരുടെ തിടുക്കവും അങ്കലാപ്പുമാണ് ടീം തെരഞ്ഞെടുപ്പില്‍ ദൃശ്യമാകുന്നതെന്ന് കരീം പറഞ്ഞു.
ടീമിന്റെ സംതുലിതാവസ്ഥ നോക്കുമ്പോള്‍ ടി20 ലോക കപ്പിലെ തിരിച്ചടിയില്‍ സെലക്ടര്‍മാര്‍ പരിഭ്രാന്തരാണെന്നാണ് തോന്നുന്നത്. ടീമില്‍ ഓപ്പണര്‍മാരുടെ ആധിക്യമാണ്. കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍, വെങ്കടേഷ് അയ്യര്‍, ഋതുരാജ് ഗെയ്ക്ക്‌വാദ്, രോഹിത് ശര്‍മ്മ എന്നിവരെല്ലാമുണ്ട്. ഇത്രയും മുന്‍നിര ബാറ്റര്‍മാരെ എവിടെ കളിപ്പിക്കും- സാബ കരീം ചോദിക്കുന്നു.
ഋതുരാജ് ഐപിഎല്ലില്‍ ചെന്നൈയ്ക്കായി മികച്ച പ്രകടനം നടത്തി. ഇഷാന്‍ കിഷനെ ലോക കപ്പില്‍ ഓപ്പണറാക്കി. വെങ്കടേഷ് അയ്യരെ ഏതു പൊസിഷനില്‍ കളിപ്പിക്കും. അതോ ഈ യുവ താരങ്ങളെ വ്യത്യസ്ത സ്ഥാനങ്ങളില്‍ കളിപ്പിച്ച് വളര്‍ത്തിയെടുക്കാനാണോ തീരുമാനം. ഇക്കാര്യം കളിക്കാരുമായി ചര്‍ച്ച ചെയ്യേണ്ടതാണ്. ടീമിലെ അവരുടെ റോള്‍ എന്താണെന്ന് ബോധ്യപ്പെടുത്തേണ്ടതാണെന്നും കരീം നിര്‍ദേശിച്ചു.