ലാല്‍ കൃഷ്ണ എം.എസ്
’29 ഓഗസ്റ്റ് 1882 ല്‍ ‘ഇംഗ്ലീഷ് ക്രിക്കറ്റ്’ ഓവലില്‍ ചരമം പൂകി. മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ക്കു വിധേയമാക്കി ചിതാഭസ്മം ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകും’
-ദ സ്‌പോര്‍ട്ടിംഗ് ടൈംസ് ; ബ്രിട്ടൻ.
അവധിക്കാലത്ത് ഇംഗ്ലണ്ട്- ഓസീസ് ടീമുകള്‍ സൗഹൃദപരമായി വല്ലപ്പോഴുമൊക്കെ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച് പിരിഞ്ഞിരുന്നെങ്കിലും ഇംഗ്ലണ്ട് 1882 ല്‍ നേരിട്ട പരാജയ ചര്‍ച്ചകള്‍ക്കു ശേഷം പിന്നീടുള്ള മത്സരങ്ങള്‍ക്ക് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വന്യമായ പകയുടെയും ആവേശത്തിന്റെയും പുതിയ മാനം കൈവന്നു. കാരണം കെന്നിംഗ്ടണ്‍ ഓവലില്‍ നടന്ന ആ ഏക മത്സരം ഒരു സീരീസായി കണക്കാക്കിയിരുന്നു. പക്ഷേ രണ്ടു ദിവസം മാത്രം നീണ്ട ആ മാച്ചില്‍, ഇംഗ്ലണ്ട് ആദ്യമായി ഓസീസ് ക്രിക്കറ്റിനു മുന്നില്‍ അടിയറവു പറഞ്ഞു. പരാജയം രുചിക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത ബ്രിട്ടീഷുകാര്‍, ഡബ്ല്യു ജി ഗ്രെയ്‌സ് നയിച്ച തങ്ങളുടെ ടീമിനെതിരെ പരസ്യമായി രംഗത്തു വന്നു. ആ വിമര്‍ശനത്തിന്റെ കാച്ചിക്കുറുക്കിയ രൂപമായിരുന്നു ദ സ്‌പോര്‍ട്ടിംഗ് ടൈംസ് എന്ന പത്രത്തില്‍ വന്ന വാര്‍ത്ത. ആക്ഷേപ-മാധ്യമ പ്രവര്‍ത്തകനായ റജിനാള്‍ഡ് ഷിര്‍ലി ബ്രൂക്‌സ് ആയിരുന്നു ആ ‘ചരമനോട്ടീസ്’ വാര്‍ത്തയ്ക്കുപിന്നിലെ ബുദ്ധികേന്ദ്രം.
കേവലമൊരു ക്രിക്കറ്റ് മാഗസിനില്‍ വന്ന ആ കോളം വാര്‍ത്തയിലെ ചിതാഭസ്മം അഥവാ The Ashes എന്ന പദമാണ് ഈ ക്രിക്കറ്റ് മാമാങ്കത്തിന്റെ പേരിനു കാരണമായത്! ആഷസിനൊപ്പം കപ്പല്‍ കയറിപ്പോയ തങ്ങളുടെ അഭിമാനം തിരിച്ചുപിടിക്കുക എന്നത് ഇംഗ്ലണ്ട് ടീമിന് അത്യാവശ്യമായിരുന്നു. അതിനവര്‍ക്കുണ്ടായിരുന്ന സാദ്ധ്യത ശൈത്യകാല അവധിയ്ക്ക് നേരത്തേ തന്നെ നിശ്ചയിച്ചിരുന്ന ഓസീസ് പര്യടനമായിരുന്നു. മൂന്നു ടെസ്റ്റുകളാണ് അന്ന് ഷെഡ്യൂള്‍ ചെയ്തിരുന്നത്. കപ്പലില്‍ കയറുന്നതിനു മുമ്പ് അന്നത്തെ ഇംഗ്ലീഷ് ക്യാപ്ടന്‍ ഇവോ ബ്ലി മേല്‍ വാര്‍ത്തയെ ഉദ്ധരിച്ച് ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ആഷസ് തിരിച്ചുകൊണ്ടുവരുമെന്ന് സൗഹാര്‍ദ്ദപരമായി പ്രഖ്യാപിച്ചു. സന്നാഹമത്സരങ്ങള്‍ക്കു ശേഷം പ്രധാന മൂന്നു മത്സരങ്ങളില്‍ ആദ്യത്തേതുതന്നെ ഇംഗ്ലണ്ട് വിജയിച്ചു കയറുന്നതാണ് പിന്നീടു കണ്ടത്..!
മെല്‍ബണിന്റെ പ്രാന്തപ്രദേശത്തുള്ള റൂബര്‍ട് വുഡ് എസ്റ്റേറ്റില്‍ നടന്ന സീരീസ് ഡിസൈഡര്‍ മാച്ചില്‍ കൂടി വിജയിച്ചപ്പോള്‍ മാത്രമാണ് അഭിമാനത്തിനും കുലീനതയ്ക്കും പേരുകേട്ട ബ്രിട്ടീഷുകാര്‍ക്ക് ശ്വാസം നേരേ വീണത്. ബ്രിട്ടീഷ് കോളനിയായ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ് പ്രസിഡന്റായിരുന്ന വില്യം ക്ലാര്‍ക്കിന്റെ പത്‌നി ലേഡി ജാനറ്റ് ക്ലാര്‍ക്ക്; ടെസ്റ്റ് മത്സരത്തിലുപയോഗിച്ച തടി ബെയില്‍സ് കരിച്ച്, അതിന്റെ ചാരം തന്റെ വിലകൂടിയ പെര്‍ഫ്യൂം കുപ്പിയിലാക്കി ഇവോ ബ്ലിയ്ക്കു നല്‍കി!
പര്യടനത്തിന്റെ അവസാനം മാര്‍ച്ചില്‍ നടന്ന മത്സരത്തിനു ശേഷവും ആ സ്തൂപത്തില്‍ ‘The Ashes’ എന്നും മെല്‍ബണ്‍ പഞ്ച് മാഗസിനില്‍ ഇവോയെയും ടീമിനെയും പ്രശംസിച്ചു വന്ന കട്ടിംഗ് ആലേഖനം ചെയ്തും ഭംഗിയായി വെല്‍വെറ്റ് ബാഗില്‍ ഇവോ ബ്ലിയ്ക്ക് സമ്മാനിക്കുകയുണ്ടായി. ഇംഗ്ലീഷ് ക്യാപ്ടന്‍ തന്റെ പ്രതിശ്രുത വധുവായ ഫ്‌ളോറന്‍സ് മോര്‍ഫിയെ കണ്ടെത്തുന്നതും ഈ പര്യടനത്തില്‍ വെച്ചാണ്. ലേഡി ക്ലാര്‍ക്കിന്റെ സുഹൃത്തും മ്യൂസിക് ടീച്ചറുമായിരുന്നു അന്നവര്‍. ആഷസ് ട്രോഫിയ്ക്കു പിന്നിലും അവരായിരുന്നു എന്നു പറയപ്പെടുന്നു. എന്തായാലും ഫ്‌ളോറന്‍സിനെ വിവാഹം കഴിച്ച് പിന്നീട് പാരമ്പര്യമായി ലഭിച്ച ഔദ്യോഗിക പ്രഭു ചുമതലകള്‍ക്ക് നിയമിതനാകുകയായിരുന്നു ഇവോ ബ്ലി.
തനിക്കു ലഭിച്ച ആ ഉപഹാരം ഒരു വ്യക്തിസമ്മാനം എന്നതിലുപരി ഒരു സ്‌പോര്‍ട്ടിംഗ് ഗിഫ്റ്റായി കണ്ടതിനാല്‍ തന്റെ കോബം ഹാള്‍ വസതിയില്‍ എല്ലാര്‍ക്കും കാണത്തക്ക രീതിയിലായിത്തന്നെ വെച്ചു. അദ്ദേഹത്തിന്റെ ഹിതപ്രകാരം, കാലശേഷം ഈ ട്രോഫി 1927 ല്‍ മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ് (MCC) ഏറ്റെടുക്കുകയും ലോര്‍ഡ്‌സിലെ വിഖ്യാതമായ ലോംഗ്ഹാളില്‍ പ്രദര്‍ശിപ്പിക്കുകയും 1953 ല്‍ ഗ്രൗണ്ട് മ്യൂസിയത്തിലേക്ക് മാറ്റുകയും ചെയ്തു.
ഏതാണ്ട് നൂറ്റിനാല്‍പത് വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ചരിത്രവും പാരമ്പര്യവും ഇന്നും ഒട്ടും ചോരാതെയുള്ള ക്രിക്കറ്റ് മത്സരങ്ങളാണ് ആഷസ് സീരീസുകള്‍. പില്‍ക്കാലത്ത് ആഷസ് ട്രോഫിയുടെ ചെറിയ മാതൃകയും ക്രിസ്റ്റലില്‍ തീര്‍ത്ത വലിയ മാതൃകയുമെല്ലാം കൊണ്ടുവന്ന് അവരാ പാരമ്പര്യം ഊട്ടിയുറപ്പിക്കുകയായിരുന്നു. സര്‍ ഡോണ്‍ബ്രാഡ്മാനടക്കം പ്രതിഭാധനരായ ഒട്ടേറെ ക്രിക്കറ്റര്‍മാരുണ്ടായത് ആഷസിലൂടെയാണ്. ക്രിസ്മസ് ഗിഫ്റ്റ് ബോക്‌സുകള്‍ പൊട്ടിക്കുന്ന ദിവസമായ ഡിസംബര്‍ 26 നു നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റ് മാച്ചുകള്‍, ചാരിറ്റിയ്ക്കു വേണ്ടി ക്രിക്കറ്റര്‍മാരും കുടുംബവും തങ്ങളുടെ ഫൗണ്ടേഷനു വേണ്ടി നടത്തുന്ന സ്‌പോണ്‍സര്‍ഷിപ്പുകള്‍ എന്നുവേണ്ട ആഷസെന്നാല്‍ രണ്ടു രാജ്യത്തെയും ക്രിക്കറ്റ് പ്രേമികള്‍ക്ക് ഉത്സവലഹരിയാണ്.. 33 സീരീസുകള്‍ ഓസീസും 32 സീരിസ് ഇംഗ്ലണ്ടും ആറു സീരീസ് ഡ്രോ ആയും ആണ് ഇതുവരെയുള്ള മത്സരനില. ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റര്‍ സര്‍.ഡോണ്‍ ബ്രാഡ്മാനും വിക്കറ്റ് നേടിയ ബൗളര്‍ ഷെയ്ന്‍ വോണുമാണ്.
രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന മഹത്തായ ക്രിക്കറ്റ് മാമാങ്കം നാളെ തുടങ്ങുന്നു.. ഇപ്പോഴത് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെയും ഭാഗമാണ്. ലോകത്താകമാനം ഏറ്റവുമധികം ജനപ്രീതിയുള്ള ക്രിക്കറ്റ് മത്സരത്തില്‍ തങ്ങളുടെ ടീമിനെ തനതു ഫാന്‍സ് കാണുന്നത് യോദ്ധാക്കളായിട്ടാണ്.. ഒരൊറ്റ അലിഗേഷന്‍ ടീമംഗങ്ങളുടെ മേല്‍ വന്നാല്‍ ഗ്രൗണ്ടിലത് പ്രതിഫലിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് സപ്പോര്‍ട്ടിംഗ് സ്റ്റാഫുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ തങ്ങളുടെ ക്യാപ്ടനെ അവസാനനിമിഷം ഓസീസ് മാറ്റിയത്! ബോള്‍ചുരണ്ടല്‍ വിവാദത്തില്‍ പെട്ട് പത്രസമ്മേളനത്തില്‍ കരഞ്ഞ സ്റ്റീവന്‍ സ്മിത്തിന്റെ മുഖംമൂടി വെച്ച് ഗ്രൗണ്ടിലെത്തിയ ഇംഗ്ലീഷ് ഫാന്‍സിനു മുന്നില്‍ ഇതു വല്ലതും കിട്ടിയാല്‍ പിന്നത്തെ കാര്യം പറയണോ!
ആഷസ് നിലനിര്‍ത്തേണ്ടതും തിരിച്ചുപിടിക്കേണ്ടതുമായ ചുമതലകള്‍ പുതിയ തലമുറക്കാരായ പാറ്റ് കമിന്‍സിനും ജോ റൂട്ടിനുമാണ്.. ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം മൂര്‍ച്ചകൂട്ടി രണ്ടുടീമുകള്‍ തയ്യാറെടുക്കുമ്പോള്‍ ആവേശം വാനോളമുയരും.. ഇന്ത്യയില്‍ സ്റ്റാര്‍സ്‌പോര്‍ട്‌സ് ആണ് സംപ്രേഷണം, സോണി ലിവിലും. നാളെ (08.12.2021) IST 5.30 നാണ് ഗാബയില്‍ വെച്ചു നടക്കുന്ന മത്സരം തുടങ്ങുക. ലിമിറ്റഡോവര്‍ ക്രിക്കറ്റും ലീഗുകളും ലോകത്താകമാനം ശക്തിയാര്‍ജ്ജിക്കുന്ന ഈ കാലഘട്ടത്തിലും അഞ്ചുദിവസം നീണ്ടുനില്ക്കുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ ജനപ്രീതിയെന്തെന്ന് ക്രിക്കറ്റ് പ്രേമികള്‍ കാണിച്ചു തരും!
PS: രണ്ടുടീമുകളും മികച്ച ഫോമിലാണ്. പക്ഷേ രണ്ടു പേരുടെയും ‘ചാരം’ വിമാനത്തില്‍ കയറ്റി നമ്മുടെ പിള്ളേര്‍ ഡല്‍ഹിയിലെത്തിച്ചിട്ട് അധിക കാലമായിട്ടില്ല.
Read more
കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7