കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ടി20യില്‍ ആദ്യ ജയം തേടി ഇന്ത്യ ഇന്ന് ഇറങ്ങും. പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3.30നാണ് മത്സരം. എന്നാല്‍ ആരാധകരുടെ ആവേശം തണുപ്പിച്ച് എഡ്ജ്ബാസ്റ്റണില്‍ മഴ പെയ്യുകയാണ്. അതിനാല്‍ തന്നെ മൂന്ന് മണിയ്ക്ക് നടക്കേണ്ട ടോസിംഗു പോലും വൈകിയിരിക്കുകയാണ്.
ആദ്യ കളി തോറ്റ് തുടങ്ങിയതിനാല്‍ ഇരു ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമാണ്. കരുത്തരായ ഓസ്‌ട്രേലിയയോട് കയ്യെത്തും ദൂരത്താണ് ഇന്ത്യക്ക് ജയം നഷ്ടമായത്. പാകിസ്ഥാനാവട്ടെ ബാര്‍ബഡോസിനോടും തോറ്റു.
നേര്‍ക്കുനേര്‍ കണക്കുകളില്‍ ഇന്ത്യയാണ് മുന്നില്‍. ഇതുവരെ പോരടിച്ച 11 കളികളില്‍ ഒന്‍പതിലും ജയം ഇന്ത്യക്കായിരുന്നു. രണ്ട് തവണ ജയം പാക്കിസ്ഥാനൊപ്പം നിന്നു.
സോണി സ്‌പോര്‍ട്സ് നെറ്റ്‌വര്‍ക്കാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത്. സോണി ലൈവ് വഴി തല്‍സമയ സ്ട്രീമിങ്ങുമുണ്ട്.
ഇന്ത്യന്‍ സ്‌ക്വാഡ്: സ്മൃതി മന്ഥാന, ഷെഫാലി വര്‍മ്മ, യാസ്തിക ഭാട്യ(വിക്കറ്റ് കീപ്പര്‍), ജെമീമാ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ്മ, രാധാ യാധവ്, രാജേശ്വരി ഗെയ്ക്വാദ്, മേഘ്ന സിംഗ്, രേണുക സിംഗ്, സ്നേഹ് റാണ, സബ്ബിനേനി മേഘ്ന, പൂജ വസ്ത്രകര്‍, താനിയ ഭാട്യ.