ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ പുറത്താകല്‍ അല്‍പ്പം വിവാദത്തിന് വഴിതെളിച്ചിരുന്നു. മായങ്ക് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയില്ലെന്നാണ് റീ പ്ലേയില്‍ വ്യക്തമായത്. എന്നാല്‍ തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചതോടെ താരത്തിന് ക്രീസ് വിടേണ്ടിവന്നു. ഇതേ കുറിച്ച് മനസ് തുറക്കാന്‍ മടിച്ചിരിക്കുകയാണ് മായങ്ക്.
അഭിപ്രായം പറയാന്‍ എനിക്ക് അനുവാദമില്ല. അതിനാല്‍ ആ വിഷയം വിട്ടുകളയാന്‍ ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ മോശം കളിക്കാരനെന്ന പേരു കേള്‍ക്കേണ്ടിവരും. മാച്ച് ഫീസും വെട്ടിക്കുറയ്ക്കും- മായങ്ക് പറഞ്ഞു.
സെഞ്ചൂറിയന്‍ ടെസ്റ്റില്‍ പേസര്‍ ലുന്‍ഗി എന്‍ഗിഡിയുടെ പന്തിലാണ് മായങ്ക് പുറത്തായത്. അര്‍ദ്ധ സെഞ്ച്വറി തികച്ച് കുതിക്കുകയായിരുന്നു മായങ്കിനെതിരായ എല്‍ബിഡബ്ല്യൂ അപ്പീല്‍ ഫീല്‍ഡ് അമ്പയര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ റിവ്യൂ ചെയ്തതോടെ തേര്‍ഡ് അമ്പയര്‍ മായങ്ക് ഔട്ടെന്നു വിധിച്ചു. പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്കാണു പോയതെന്ന് വ്യക്തമായിട്ടും മായങ്ക് ഔട്ടെന്ന് വിധിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്.