ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞവരുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്ത് പഞ്ചാബ് കിം​ഗ്സിന്റെ ഇന്ത്യൻ താരം!

2024 ൽ ആഗോളതലത്തിൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ അത്ലറ്റുകളുടെ പട്ടികയിൽ ഒമ്പതാമത്തെത്തി പഞ്ചാബ് കിം​ഗ്സിന്റെ സ്റ്റാർ ബാറ്റർ ശശാങ്ക് സിംഗ്. കഴിഞ്ഞ വർഷം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ വലിയ വഴിത്തിരിവു സൃഷ്ടിച്ച ബാറ്റർ, തന്റെ നേട്ടങ്ങളിൽ പഞ്ചാബ് കിംഗ്സ് വഹിച്ച പ്രധാന പങ്ക് തുറന്നു പറഞ്ഞു.

ശശാങ്കിന്റെ പ്രകടനം ഐപിഎൽ 2025 ൽ 5.5 കോടി രൂപയ്ക്ക് അദ്ദേഹത്തെ നിലനിർത്താൻ ഫ്രാഞ്ചൈസിയെ പ്രചോദിപ്പിച്ചു. മൈതാനത്തെ മികച്ച പ്രകടനം അദ്ദേഹത്തിന് ഫീൽഡിൽ മാത്രമല്ല പുറത്തും ജനപ്രീതി നേടിക്കൊടുത്തു. 2024 ൽ ലോകമെമ്പാടും ഏറ്റവുമധികം തിരഞ്ഞ അത്ലറ്റുകളുടെ ഗൂഗിൾ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തുകയും തന്റെ വർദ്ധിച്ചുവരുന്ന അംഗീകാരത്തിന് പഞ്ചാബ് ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

ലോകമെമ്പാടും തിരയുന്ന ആളുകളുടെ പട്ടിക ഗൂഗിൾ പുറത്തിറക്കുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. സത്യസന്ധമായി പറഞ്ഞാൽ അതൊരു വലിയ കാര്യമാണ്. ഇത് ആശ്വാസത്തോടെ ആഘോഷിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ ഉള്ളിൽ, ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആളുകൾ എന്റെ പേര് തിരയുന്നതും ഞാൻ എന്താണ് ചെയ്യുന്നതെന്ന് അറിയുന്നതിലും സന്തോഷിക്കുന്നു. പഞ്ചാബ് കിം​ഗ്സ് കാരണമാണ് ഇത് സാധ്യമായത്. കഴിവുള്ളവരും ഉയർന്ന തലത്തിൽ കളിക്കുന്നവരുമായ നിരവധി ക്രിക്കറ്റ് താരങ്ങളുണ്ട്. എന്നാൽ പഞ്ചാബ് കിംഗ്സ് എല്ലായ്പ്പോഴും എന്നിൽ വിശ്വാസം കാണിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. തീർച്ചയായും ഞാനും കഠിനാധ്വാനം ചെയ്തു- താരം പറഞ്ഞു.

2024 ഐപിഎൽ താരലേലത്തിൽ ഏറ്റവും കൂടുതൽ കളിയാക്കലുകൾ നേരിട്ട താരമായിരുന്നു ശശാങ്ക് സിം​ഗ്. പ്രീതി സിന്റയുടെ പഞ്ചാബിലേക്ക് അറിയാതെ തിരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു അദ്ദേഹം. മറ്റൊരു കളിക്കാരനാണ് എന്ന് തെറ്റിദ്ധരിക്കപ്പെട്ട് പഞ്ചാബിലേക്ക് വന്ന ശശാങ്ക് ചുരുങ്ങിയ സമയം കൊണ്ട് ഇതിഹാസമായി മാറി. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്നായി അദ്ദേഹം 354 റൺസ് ആണ് അടച്ചെടുത്തത്.

മുംബൈക്കായി ഒരുപാട് മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള താരം നാളുകൾ ഏറെയായി ഇന്ത്യൻ ടീമിലേക്ക് പ്രവേശിക്കാൻ കഷ്ടപെടുകയായിരുന്നു. ഒരുപാട് തവണ ടീമിൽ നിന്നും ടൂർണമെന്റുകളിൽ നിന്നും തഴയപ്പെട്ടു. ഐപിഎല്ലില്‍ ഡല്‍ഹി, രാജസ്ഥാന്‍, ഹൈദരാബാദ് ടീമുകളുടെ റിസര്‍വ് ബെഞ്ചിലിരിക്കേണ്ടിവന്നിട്ടും ചിലപ്പോള്‍ താരലേലത്തില്‍ ഇടം ലഭിക്കാതിരുന്നിട്ടും ശശാങ്ക് പതറിയില്ല. കഴിഞ്ഞ ലേലത്തിൽ എല്ലാവരും അദ്ദേഹത്തിന്റെ പേര് കേട്ട് ചിരിച്ചു. എന്നാൽ എല്ലാ പരിഹാസങ്ങളും സ്വയം മനസ്സിൽ ഒതുക്കി അദ്ദേഹം ബാറ്റ് കൊണ്ട് മറുപടി നൽകി.

തെറ്റ് പറ്റി കിങ്‌സ് ഇലവൻ പഞ്ചാബ് തിരഞ്ഞെടുത്ത താരത്തിന് ദൈവം നൽകിയ ശെരിയായ ഒരു തെറ്റായിരുന്നു അത്. ഈ വർഷം നടന്ന ഐപിഎലിൽ അദ്ദേഹത്തിന്റെ തലവര മാറിയത് ഗുജാറാത്തിനെതിരേ നേടിയ 29 പന്തില്‍ നിന്നും 61 റണ്‍സ് അടിച്ചെടുത്തപ്പോഴായിരുന്നു. പിന്നീട് ഹൈദരാബാദിനെതിരെ 25 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു. മുംബൈ ഇന്ത്യന്‍സിനെതിരേ 25 പന്തില്‍ 41 റൺസും അടിച്ചെടുത്തു. അവസാനം കൊല്‍ക്കത്തയ്ക്കെതിരേ മികച്ച വിജയം പഞ്ചാബ് സ്വന്തമാക്കിയപ്പോള്‍ 28 പന്തില്‍ 68 റണ്‍സുമായി ക്രീസില്‍ തുടര്‍ന്ന ശശാങ്ക് ഐപിഎലിൽ തന്റെ മുദ്ര പതിപ്പിച്ചിരുന്നു.

Read more