ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണ്‍ രണ്ടു വേദികളിലായി നടന്നേക്കാന്‍ സാധ്യത. അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും മഹാരാഷ്ട്രയിലെ നാലു വേദികളിലായിരിക്കും ലീഗ് ഘട്ട മല്‍സരങ്ങള്‍ നടന്നേക്കുക.പ്ലേഓഫ് മല്‍സരങ്ങള്‍ കഴിഞ്ഞ വര്‍ഷം പുതുക്കിപ്പണിത അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടന്നേക്കും. ബിസിസിഐ വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്താന്‍ ധാരണമായിരുന്നു. സാഹചര്യം മോശമായാല്‍ മാത്രമേ വിദേശത്ത് നടത്തേണ്ടി വരു.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, ബ്രാബണ്‍ സ്റ്റേഡിയം, നാവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നീവിടങ്ങളില്‍ മല്‍സരങ്ങള്‍ നടക്കാനാണ് സാധ്യത. വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവാനാണ് സാധ്യത. സാധാരണയായി ഏപ്രില്‍, മേയ് മാസങ്ങളിലായിട്ടാണ് ഐപിഎല്‍ നടക്കാറുള്ളത്. എന്നാല്‍ ഇത്തവണ മാര്‍ച്ച് അവസാനത്തോടെ തന്നെ ടൂര്‍ണമെന്റ് ആരംഭിക്കുന്ന തരത്തിലാണ് ബിസിസിഐയുടെ നീക്കം.
അടുത്ത മാസം 12, 13 തിയ്യതികളിലായി ബെംഗളൂരുവില്‍ മെഗാലേലം നടക്കും. പുതിയ ഫ്രാഞ്ചസൈകിളായ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, അഹമ്മദാബാദ് എന്നിവയടക്കം 10 ടീമുകള്‍ ലേലത്തില്‍ കളിക്കാര്‍ക്കു വേണ്ടി രംഗത്തിറങ്ങും. കഴിഞ്ഞ സീസണിലെ ഐപിഎല്‍ ഇന്ത്യയിലും യുഎയിലുമായിട്ടാണ് നടത്തിയത്. പക്ഷെ സീസണിന്റെ പകുതിയാവുമ്പോഴേക്കും പല ഫ്രാഞ്ചൈസികളിലെയും കളിക്കാരും ഒഫീഷ്യലുകളും കൊവിഡ് ബാധിതരായതോടെ ടൂര്‍ണമെന്റ് നിര്‍ത്തി വയ്ക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു.