സര്‍ഫാറാസ് ഖാന്‍ എന്ന മനുഷ്യന്‍ ഒരു വന്‍ തടസമായി വളരുകയാണ്, ഇന്ത്യക്കാരുടെ അഭിമാനമായി

കളിച്ച ആറു ഇന്നിങ്‌സുകളില്‍ മൂന്ന് അര്‍ദ്ധ സെഞ്ച്വറി നേടിയിട്ടും ബംഗ്ലാദേശുമായുള്ള ടെസ്റ്റ് സ്‌ക്വാഡില്‍ ഇടം പിടിക്കാനാകാതെ പോയൊരു ബാറ്റര്‍ ഇറാനി ട്രോഫിയില്‍ റസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ മുംബൈക്ക് വേണ്ടി പാഡ് കെട്ടി ഇറങ്ങുകയാണ്. ടീമിലേക്ക് തിരിച്ചു വരുവാന്‍ ഒരു ഗംഭീര ഇനിങ്‌സ് കളിക്കേണ്ട അവസ്ഥ. അയാള്‍ക്ക് നേരിടേണ്ടി വരുന്നത് ഭാവി ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് അക്രമണങ്ങളെ നയിക്കാന്‍ തയാറെടുക്കുന്ന മുകേഷ് കുമാര്‍, പ്രസിദ് കൃഷ്ണ, യാഷ് ദയാല്‍ തുടങ്ങിയവര്‍ അടങ്ങുന്ന എതിര്‍ നിരയെയായിരുന്നു.

ലേറ്റ് അപ്പര്‍ കട്ടുകള്‍ കൊണ്ടും, പുള്ളുകള്‍ കൊണ്ടും ഡ്രൈവുകള്‍ കൊണ്ടും, മുകേഷ് കുമാറിന്റെ കൃത്യതയേയും, പ്രസിദ് കൃഷ്ണയുടെ വേഗതയെയും,യാഷ് ദയലിന്റെ കൗശലങ്ങളെയും തകര്‍ത്തു കളഞ്ഞ…സ്വീപുകള്‍ കൊണ്ടും റിവേഴ്സ് പാഡില്‍ സ്വീപുകള്‍ കൊണ്ടും സ്പിന്‍ കുരുക്കുകളെ പൊട്ടിച്ചു കളഞ്ഞ… തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയോടെ അയാള്‍ വീണ്ടും ഗ്രൗണ്ടില്‍ തന്റെ പ്രതിഭ പുറത്തെടുക്കുകയാണ്..

ഫസ്റ്റ് ക്ലാസിലെ നാലാമത്തെ ഡബിള്‍ സെഞ്ച്വറി 221 റണ്‍സോടെ ഇറാനി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മുമ്പേകാരന്റെ സ്‌കോറോടെ പുറത്താകാതെ നിന്ന അയാളെ വീണ്ടും കണ്ടില്ലെന്നു നടിക്കാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് ആകുമായിരുന്നില്ല. ന്യൂസിലാണ്ടിനു എതിരായ ടെസ്റ്റ് സ്‌ക്വാഡിലേക്ക് അയാള്‍ക്ക് വിളി വരുകയാണ്.. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കുന്നതിനു മുന്‍പേ പുറത്താകാന്‍ ആയിരുന്നു അയാളുടെ വിധി രണ്ടാം ഇനിങ്‌സിനു ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ ആകട്ടെ ടീം 300 ഓളം റന്‍സുകള്‍ക്ക് പിറകിലും എത്ര ഉരുക്കു ഹൃദയമുള്ള മനുഷ്യനും ഒന്ന് പകച്ചു പോകുന്ന അവസ്ഥ..

തന്റെ ബാറ്റിനെ ഒന്ന് ചുംബിച്ചു കൊണ്ടു നെഞ്ചോട് ചേര്‍ത്തു ഒന്ന് തഴുകി കൊണ്ടു ക്രീസിലേക്ക് ഇറങ്ങുമ്പോള്‍… സച്ചിന്‍ ടെന്‍ദുല്‍കര്‍ എന്ന ഇതിഹാസം പതിനഞ്ചാം വയസില്‍ സൃഷ്ടിച്ച 346 റണ്‍സ് എന്ന മുംബൈ സ്‌കൂള്‍ ക്രിക്കറ്റ് റെക്കോര്‍ഡ് 439 റണ്‍സോടെ തന്റെ 12 ആം വയസില്‍ തകര്‍ക്കാന്‍….. അണ്ടര്‍ 19 ലോക കപ്പില്‍ ഏഴു ഫിഫ്റ്റികള്‍ സ്വന്തം പേരിലാക്കി റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം നേടാന്‍….

അച്ചടക്കനടപടിയുടെ ഭാഗമായുള്ള രണ്ട് വര്‍ഷത്തെ മാറി നില്‍ക്കലിന് ശേഷമുള്ള തിരിച്ചു വരവില്‍ അടുപ്പിച്ചു രണ്ട് സീസണുകളില്‍ രഞ്ചിയില്‍ മുംബക്കു വേണ്ടി 900 പ്ലസ് റണ്‍സ് നേടി ചരിത്രം സൃഷ്ടിക്കാന്‍.. തന്റെ കൂടെ കട്ടക്ക് നിന്ന ഇംളിഷ് വില്ലോയില്‍ തീര്‍ത്ത തന്റെ ബാറ്റ് ഇക്കുറിയും തന്റെ കൂടെ നില്‍ക്കും എന്നയാള്‍ക്ക് ഉറപ്പായിരുന്നു.. അത്രക്ക് ആയിരുന്നു അയാള്‍ക്ക് ആ ബാറ്റിലുള്ള വിശ്വാസവും..

ബാറ്റിംഗ് ഗ്ലൗവിനുള്ളില്‍ ഹൃദയം പോലെ തന്നെ കൊണ്ടു നടന്ന ആ മനുഷ്യനോടുള്ള സ്‌നേഹവും കടപ്പാടും തിരിച്ചു പ്രകടിപ്പിക്കാനായി ആ അവസരം ഉപയോഗപ്പെടുത്താന്‍ ആ ജീവന്‍ തുടിക്കുന്ന ബാറ്റും തീരുമാനിക്കുമ്പോള്‍….. ന്യൂ സീലാന്‍ഡ് ബൗളര്‍മാരുടെ മുന്നില്‍ സര്‍ഫാറാസ് ഖാന്‍ എന്ന മനുഷ്യന്‍ ഒരു വന്‍ തടസമായി വളരുകയാണ്..!
അവരുടെ ഇന്നിങ്‌സ് വിജയം എന്ന മോഹത്തിനും, വിജയം എന്ന ആഗ്രഹത്തിനും കുറുകെ നില്‍ക്കുന്ന വലിയൊരു തടസം…. കം ഓണ്‍ ഹീറോ… സര്‍ഫാരാസ് എന്ന പേരിനു അഭിമാനം എന്നാണ് അര്‍ഥം… ഇന്ത്യക്കാരുടെ അഭിമാനം..

എഴുത്ത്: സനല്‍ കുമാര്‍ പത്മനാഭന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍