ഇന്നലെ എത്തിഹാദിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് റയൽ മാഡ്രിഡ് തകർന്നു വീണിരുന്നു. 4-0 തോൽവിക്ക് ശേഷം സെൻട്രൽ ഡിഫൻഡർ എഡർ മിലിറ്റോവിനെതിരെ ട്വിറ്ററിൽ ആരാധകർ രൂക്ഷമായ പ്രതികരണം നടത്തി രംഗത്ത് എത്തിയിരിക്കുകയാണ്.
ബെർണാഡോ സിൽവയുടെ ഇരട്ട ഗോളുകളും, ജൂലിയൻ അൽവാരസിന്ററെ അവസാന നിമിഷം സ്ട്രൈക്കും കൂടാതെ ബ്രസീലിയൻ താരത്തിന്റെ സെല്ഫ് ഗോളും കൂടി ചേർന്നപ്പോൾ സിറ്റിയുടെ വിജയം പൂർത്തിയായി. ഇരുപാദങ്ങളുമായി നിലവിലെ ജേതാക്കളെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തെറിഞ്ഞ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നത്തോട് ഒരു പാടി കൂടി അടുത്തു.
മിലിറ്റാവോയുടെ മോശം പ്രകടനത്തിന് ശേഷം ആരാധകർ അദ്ദേഹത്തെ ശക്തമായി വിമർശിച്ചു. സെൽഫ് ഗോളിനെക്കുറിച്ച് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും കളിയിലുടനീളം ബ്രസീലിയൻ താരത്തിന് അത്ര സുഖമുള്ള കാര്യങ്ങൾ അല്ലായിരുന്നു നടന്നത്. ഒരു തവണ മാത്രമാണ് താരത്തിന് ടാക്കിൾ ചെയ്യാൻ പറ്റിയത്, 11 തവണ പൊസിഷൻ നഷ്ടപ്പെടുത്തുകയും ചെയ്തു.
ഫുട്‍ബോൾ കണ്ട ഏറ്റവും ഓവർറേറ്റഡ് താരം ഉൾപ്പടെ പല വിമർശനങ്ങളാണ് താരത്തിനെതിരെ വരുന്നത്. വല്ല കാലത്തും നടത്തുന്ന മികച്ച പ്രകടനത്തിന്റെ പേരിൽ താരത്തെ ടീമിൽ ഉൾപെടുത്തരുതെന്നും ആരാധകർ പറയുന്നു.