നിലവില്‍ ഇന്ത്യ ആതിഥേയത്വം വഹിച്ചുകൊണ്ടിരിക്കുന്ന ഏകദിന ലോകകപ്പ് ടൂര്‍ണമെന്റ് 2025ലെ ചാമ്പ്യന്‍സ് ട്രോഫി യോഗ്യത തീരുമാനിക്കും. ലോകകപ്പിന്റെ ലീഗ് ഘട്ടത്തില്‍ ആദ്യ ഏഴ് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്ക് ആതിഥേയരായ പാകിസ്ഥാനൊപ്പം ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് നേരിട്ട് യോഗ്യത നേടും.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇവന്റിനുള്ള യോഗ്യതാ സാഹചര്യം 2021 ല്‍ ഐസിസി ബോര്‍ഡ് അന്തിമമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രം നേടി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തെത്തിയ ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ് ഇവന്റിനുള്ള യോഗ്യത നഷ്ടപ്പെടാന്‍ സാധ്യതയുള്ള പ്രധാന ടീമുകളിലൊന്ന്.
അതിനാല്‍, ജോസ് ബട്ട്ലറുടെ നേതൃത്വത്തിലുള്ള ടീമിന് ലോകകപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും. എങ്കില്‍ മാത്രമേ അവര്‍ തങ്ങളുടെ അഭിമാനം സംരക്ഷിക്കാനും 2025 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇടം നേടാനും സാധിക്കൂ.
ഇതോടൊപ്പം ഏകദിന ലോകകപ്പിലേക്ക് യോഗ്യത നേടാനാവാത്ത വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വെ, അയര്‍ലന്‍ഡ് തുടങ്ങിയ ടീമുകളും ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് യോഗ്യത നേടില്ല.