പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഇമാദ് വസീം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. പാക്കിസ്ഥാനുവേണ്ടി 130 വൈറ്റ് ബോള്‍ മത്സരങ്ങള്‍ (55 ഏകദിനങ്ങളും 75 ടി20യും) കളിച്ചിട്ടുള്ള താരമാണ് ഇമാദ്. പാകിസ്ഥാന്‍ ടീമിനെ പ്രതിനിധീകരിക്കാന്‍ സാധിച്ചതിലെ സന്തോഷം പങ്കുവെച്ച താരം തന്റെ നല്ല സമയത്തും മോശം സമയത്തും നിരന്തരമായ പിന്തുണ നല്‍കിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞു.
ഏറെ ആലോചിച്ച ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ലോക വേദിയില്‍ പാകിസ്ഥാനെ പ്രതിനിധീകരിക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. പച്ച ജേഴ്സിയണിഞ്ഞ ഓരോ നിമിഷവും അവിസ്മരണീയമാണ്.
ഈ അധ്യായം അവസാനിക്കുമ്പോള്‍, ആഭ്യന്തര ക്രിക്കറ്റിലൂടെയും ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെയും ക്രിക്കറ്റില്‍ എന്റെ യാത്ര തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒപ്പം നിങ്ങളെ എല്ലാവരെയും പുതിയ രീതിയില്‍ രസിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- താരം വിമരമിക്കല്‍ പ്രഖ്യാപിച്ച് എക്‌സില്‍ കുറിച്ചു.
കൗതുകകരമെന്നു പറയട്ടെ, താരം അന്താരാഷ്ട്ര രംഗത്ത് നിന്ന് വിരമിക്കുന്നത് ഇതാദ്യമല്ല. 2023 നവംബറില്‍, ഫ്രാഞ്ചൈസി ലീഗുകള്‍ പിന്തുടരാനുള്ള ശ്രമത്തില്‍ ഇമാദ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, 2024 മാര്‍ച്ച് 23-ന്, 2024 ലെ പുരുഷ ടി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ വിരമിക്കല്‍ തീരുമാനം അദ്ദേഹം മാറ്റി.
എന്നാല്‍ ഈ തിര്ിച്ചുവരവില്‍ താരത്തിന് തിളങ്ങാനായില്ല. ടൂര്‍ണമെന്റില്‍ രണ്ട് ഇന്നിംഗ്സുകളിലായി 19 റണ്‍സ് മാത്രം നേടിയ താരം മൂന്ന് വിക്കറ്റു നേടി. അതേസമയം, യുഎസിനോട് ഞെട്ടിപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടം കടക്കുന്നതില്‍ പരാജയപ്പെട്ടു.