'വലത് കാല്‍മുട്ട് 180 ഡിഗ്രിയോളം വളഞ്ഞ് പോയി, കാല്‍ മുറിച്ചുമാറ്റേണ്ടി വരുമായിരുന്നു'; കാര്‍ അപകടത്തെ കുറിച്ച് റിഷഭ് പന്ത്

തന്റെ ജീവന്‍ പോലും നഷ്ടപ്പെടുമായിരുന്ന കാര്‍ അപകടത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. കാര്‍ അപകടത്തിലേറ്റ പരുക്കിനെ തുടര്‍ന്ന് തന്റെ കാല്‍ മുറിച്ച് മാറ്റേണ്ടി വരുമെന്ന് ഭയപ്പെട്ടിരുന്നതായി താരം വെളിപ്പെടുത്തി.

ഞരമ്പുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ കാല്‍ മുറിച്ച് മാറ്റേണ്ട സാഹചര്യം വരുമായിരുന്നു. വലത് കാല്‍മുട്ട് 180 ഡിഗ്രിയോളം വളഞ്ഞ് പോയിരുന്നു. ജീവിതത്തില്‍ ആദ്യമായിരുന്നു അങ്ങനെയൊരു അനുഭവം. അപകടം നടന്ന സമയം പരുക്കുകളെ കുറിച്ച് എനിക്ക് മനസിലായിരുന്നു. എന്നാല്‍ പരുക്ക് ഇതിലും ഗുരുതരമാവാതിരുന്നത് ഭാഗ്യമായി കരുതുന്നു- പന്ത് പറഞ്ഞു.

ഇനിയും ഡ്രൈവ് ചെയ്യരുത് എന്നാണ് പലരും പറയുന്നത്. എന്നാല്‍ ഞാന്‍ ഇനിയും ഡ്രൈവ് ചെയ്യും. കാരണം ഞാനത് ഇഷ്ടപ്പെടുന്നു. ഒരു തിരിച്ചടി ഉണ്ടായെന്ന് കരുതി അങ്ങനെയൊരു കാര്യം ജീവിതത്തില്‍ ഇനി ചെയ്യാതിരിക്കേണ്ട കാര്യമില്ല. അപകടം ഉണ്ടായത് തിരിച്ചടിയാണ്. പക്ഷെ എങ്ങനെ തിരികെ കയറാം? സ്വയം വിശ്വാസമര്‍പ്പിച്ചാല്‍ എന്തും നേടാനാവും- പന്ത് കൂട്ടിച്ചേര്‍ത്തു.

2022 ഡിസംബര്‍ 30ന് ഡല്‍ഹിയില്‍ നിന്ന് റൂര്‍ക്കിയിലേക്ക് പോകുംവഴിയാണ് ഋഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. മാംഗല്ലൂരില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

Read more

ആദ്യം ഡെറാഡൂണിലെ ആശുപത്രിയില്‍ ചികില്‍സ തേടിയ പന്തിനെ പിന്നാലെ മുംബൈയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തിരുന്നു. ബിസിസിഐ കൊണ്ടുവന്ന പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു പന്തിന്റെ ചികില്‍സ.