സഞ്ജു സാംസൺ- ‘മിടുക്കനാണ്, നല്ല ഷോട്ട് കളിക്കാനുള്ള കഴിവും ഉണ്ട്. പക്ഷെ സ്ഥിരത ഇല്ല, കിട്ടുന്ന ചെറിയ തുടക്കങ്ങൾ വലിയ സ്കോറാക്കുന്നില്ല” ആ പരാതി താരവുമായി ബന്ധപ്പെട്ട് എന്ത് പറഞ്ഞാലും ഒരു വിഭാഗം ആളുകൾ പറയുന്ന കാര്യമായിരുന്നു. എന്തന്നാൽ ഇനി അങ്ങനെ ഒന്ന് ആര്യൻ പറയില്ല. കാരണം ബംഗ്ലാദേശിന് എതിരായ മൂന്നാം ടി 20 യിൽ കണ്ടത് സഞ്ജു ഒരു ടീമിനെ ഒറ്റക്ക് കൊന്ന് കൊലവിളിക്കുന്ന കാഴ്ചയായിരുന്നു.
മറ്റേത് താരത്തെക്കാളും സമ്മർദ്ദത്തിൽ മൂന്നാം മത്സരത്തിൽ കളിക്കാൻ ഇറങ്ങിയ സഞ്ജു ശരിക്കും ഇന്ന് ഇല്ലെങ്കിൽ മറ്റൊരിക്കലും ഇല്ല എന്ന അവസ്ഥയിലാണ് കളത്തിൽ ഇറങ്ങിയത്. കാരണം അയാൾ ഇന്ന് കൂടി നിരാശപ്പെടുത്തിയാൽ ടീമിലെ സ്ഥാനം തന്നെ എന്നെന്നേക്കും നഷ്ടപെടുന്നതായിരുന്നു അവസ്ഥ. അവിടെ അയാൾ വരുമ്പോൾ പിച്ചിചീന്താനും രക്തം കുടിക്കാനും കാത്തിരുന്നവരുടെ മുന്നിൽ അയാൾക്ക് മറുപടി കൊടുക്കണം ആയിരുന്നു.
ഓപ്പണിങ് പങ്കാളി അഭിഷേക് മടങ്ങിയ ശേഷം പങ്കാളി ആയി എത്തിയ സൂര്യകുമാർ എന്ന 360 ഡിഗ്രി താരത്തെ പോലും കാഴ്ചക്കാരനായി അയാൾ നടത്തിയ വെടിക്കെട്ടിനെ എങ്ങനെ വിശേഷിപ്പിക്കാൻ സാധിക്കും. തനിക്ക് ടീമിൽ തുടരാൻ തട്ടിയും മുട്ടിയും നേടുന്ന അർദ്ധ സെഞ്ച്വറി അല്ല മറിച്ച് തന്റെ പതിവ് ശൈലി ഒരൽപം ഹൈ ഡോസിൽ കൊടുത്ത് അയാൾ നിന്നപ്പോൾ ബംഗ്ലാദേശ് ബോളർമാർ കാഴ്ചക്കാരായി.
ഓരോ ബൗണ്ടറിയും താരതമ്യപ്പെടുത്തിയാൽ ഏതിനാണ് കൂടുതൽ ഭംഗി എന്ന് തോന്നിക്കുന്ന രീതിയിൽ ആണ് സഞ്ജു ഇന്ന് കളിച്ച ഓരോ ഷോട്ടും . എന്തുകൊണ്ടാണ് ഇത്രയൊക്കെ ട്രോളുകൾക്ക് ഇടയിലും താൻ വീണ്ടും ടീമിൽ എന്നതിന് ഉത്തരമായിരുന്നു താരത്തിന്റെ പ്രകടനം. എന്തായാലും കരിയറിലെ ഏറ്റവും നിർണായക ഇന്നിംഗ്സ് കളിച്ചുകൊണ്ട് തന്നിൽ അർപ്പിച്ച വിശ്വാസത്തിന് അയാൾ തിരികെ നന്ദി കാണിച്ചിരിക്കുന്നു.
40 പന്തിൽ നേടിയ തകർപ്പൻ സെഞ്ച്വറി കരിയറിൽ ഇന്നോളം കളിച്ചിട്ടുള്ള ഏറ്റവും മികച്ച ഇന്നിംഗ്സ് ആയി മാത്രമല്ല ഒരു ഇന്ത്യക്കാരൻ നേടിയ ഏറ്റവും മികച്ച സെഞ്ച്വറി ആയി ഓര്മിപ്പിക്കപ്പെടും.