പഞ്ചാബ് കിംഗ്‌സിന്റെ (പിബികെഎസ്) ഫാസ്റ്റ് ബൗളർ ലോക്കി ഫെർഗൂസൺ അനിശ്ചിതകാലത്തേക്ക് കളിക്കളത്തിൽ ഉണ്ടാകില്ലെന്ന് അവരുടെ ഫാസ്റ്റ് ബോളിങ് പരിശീലകൻ ജെയിംസ് ഹോപ്‌സ് പ്രഖ്യാപിച്ചു. ടൂർണമെന്റ് അതിന്റെ പകുതി ഭാഗം പിന്നിടുമ്പോൾ ന്യൂസിലാൻഡ് താരം ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കാൻ മടങ്ങിവരാനുള്ള സാധ്യത കുറവാണെന്ന് ഹോപ്‌സ് പറഞ്ഞു.
ശനിയാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ പഞ്ചാബിന്റെ മത്സരത്തിനിടെ രണ്ട് പന്തുകൾ മാത്രം എറിഞ്ഞതിന് ശേഷമാണ് ഫെർഗൂസണ് പരിക്ക് കാരണം കളിക്കളം വിടേണ്ടി വന്നത്.
“ഫെർഗൂസൺ അനിശ്ചിത കാലത്തേക്ക് ടൂർണമെന്റിൽ ഉണ്ടാകില്ല. നിലവിലെ താരത്തിന്റെ അവസ്ഥയിൽ ടൂർണമെന്റിൽ ശേഷിക്കുന്ന ഒരു മത്സരത്തിൽ പോലും താരം കളിക്കില്ല. താരത്തിന്റെ പരിക്ക് വളരെ ഗുരുതരം ആണെന്ന് ഞാൻ മനസിലാക്കുന്നു.” തിങ്കളാഴ്ച (ക്രിക്ബസ് വഴി) നടന്ന മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ ഹോപ്‌സ് പറഞ്ഞു.
33 കാരനായ ഫെർഗുസൺ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി തന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസണിൽ മികച്ച തുടക്കം കുറിച്ചു. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ ഫെർഗൂസന് പകരക്കാരനായി ഓസ്‌ട്രേലിയയുടെ സേവ്യർ ബാർട്ട്‌ലെറ്റും അഫ്ഗാനിസ്ഥാന്റെ അസ്മത്തുള്ള ഒമർസായും റിസർവിലുണ്ട്.
സീസണിന്റെ തുടക്കത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ പിബികെഎസിന്റെ വിജയത്തിൽ ഇംപാക്ട് സബ് ആയി പ്രധാന പങ്കുവഹിച്ച വിജയകുമാർ വൈശാഖും അവർക്കൊപ്പമുണ്ട്.
Read more
2025 ൽ ഇത് രണ്ടാം തവണയാണ് ഫെർഗൂസൺ പരിക്ക് മൂലം മത്സരങ്ങൾ നഷ്ടപ്പെടുത്തേണ്ടി വരുന്നത്. കാലിനേറ്റ പരിക്ക് കാരണം ന്യൂസിലൻഡിന്റെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് അദ്ദേഹം പുറത്തായിരുന്നു.