മദ്ധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ വന്നയാള്‍ക്ക് ഇരട്ടശതകം പതിനൊന്നാം ബാറ്റ്‌സ്മാന് തകര്‍പ്പന്‍ അര്‍ദ്ധശതകവും ഇതിനെല്ലാം പുറമേ രണ്ടു പേര്‍ സെഞ്ച്വറിയും നേടിയ മത്സരത്തില്‍ ഝാര്‍ണ്്ഡിന് പടുകൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍. നാഗലാന്റിനെതിരേ നടക്കുന്ന രഞ്ജിട്രോഫി മത്സരത്തില്‍ ഝാര്‍ഖണ്ഡ് ഒന്നാം ഇന്നിംഗ്‌സില്‍ അടിച്ചുകൂട്ടിയത് 880 റണ്‍സാണ്. മദ്ധ്യനിര ബാറ്റ്‌സ്മാന്‍മാരും ഏറ്റവും അവസാന ബാറ്റ്‌സ്മാനും നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗാണ് പടുകൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
ആറാമനായി ബാറ്റ് ചെയ്യാന്‍ എത്തിയ കുമാര്‍ കുഷഗര അടിച്ചുകൂട്ടിയത് 266 റണ്‍സായിരുന്നു. 269 പന്തിലായിരുന്നു ഈ സ്‌കോറില്‍ എത്തിയത്. 37 ബൗണ്ടറിയും രണ്ടു സിക്‌സറും പറത്തി. മികച്ച സ്‌കോറിന്റെ അടിത്തറയില്‍ അവസാനമായി ബാറ്റ് ചെയ്യാനെത്തിയ പതിനൊന്നാമത്തെ ബാറ്റ്‌സ്മാന്‍ രാഹുല്‍ ശുക്ല അടിച്ചു തകര്‍ത്തു. ഏഴു ബൗണ്ടറികളും ആറ് സിക്‌സറുകളും പറത്തിയ ശുക്ല 149 പന്തുകളില്‍ 85 റണ്‍സ് എടുത്തു. നേരത്തേ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ വിരാട് സിംഗ്് 155 പന്തുകളിലാണ് 107 റണ്‍സ് അടിച്ചത്. എട്ടാമനായി ബാറ്റ് ചെയ്യാനെത്തിയ ഷഹ്ബാസ് നദീമും മികച്ച പ്രകടനം നടത്തി. 304 പന്തുകളില്‍ 177 റണ്‍സ് അടിച്ചു. 22 ബൗണ്ടറികളും രണ്ടു സിക്‌സറും പറന്നു.
ഓപ്പണിംഗില്‍ കുമാര്‍ സൂരജ് ആയിരുന്നു ആദ്യം അര്‍ദ്ധശതകം നേടിയത്. 91 പന്തുകളില്‍ നിന്നും 66 റണ്‍സാണ് അടിച്ചത്. എന്നാല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത സീം സിദ്ദിഖിയ്ക്ക് മികച്ച പ്രകടനം നടത്താനായില്ല. 28 റണ്‍സായിരുന്നു സമ്പാദ്യം. പിന്നാലെ വന്ന സൗരഭ് തിവാരിയ്ക്കും തിളങ്ങാനായില്ല. 29 റണ്‍സ് നേടി ജോനാതന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. എന്നാല്‍ അതിന് ശേഷമയായിരുന്നു വിരാട് സിംഗിന്റെയും കുമാര്‍ കുശാഗ്രയുടേയൂം ഉജ്വല ഇന്നിംഗ്‌സ് വന്നത്. വാലറ്റത്ത് ശുക്ല കൂടി തകര്‍ത്തടിച്ചപ്പോള്‍ ഝാര്‍ഖണ്ഡ് കൂറ്റന്‍ സ്‌കോറിലേക്ക് പോയി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ നാഗലാന്റ് നാലു വിക്കറ്റ് നഷ്ടമായ അവസ്ഥയിലാണ് 117 റണ്‍സാണ് അവര്‍ക്ക് എടുക്കാനായിട്ടുള്ളത്.