ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു, സംഭവം ഭാര്യയും കുട്ടികളും നോക്കി നില്‍ക്കെ

ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായിരുന്ന മുന്‍ ക്രിക്കറ്റ് താരം ധമ്മിക നിരോഷണ വെടിയേറ്റ് മരിച്ചു. ഗാലെ ജില്ലയിലെ ഒരു ചെറിയ പട്ടണമായ അമ്പലംഗോഡയിലെ വസതിയില്‍ വെച്ച് അജ്ഞാതര്‍ നിരോഷണയ്ക്ക് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവ സമയത്ത് നിരോഷണ ഭാര്യയും രണ്ട് കുട്ടികളും താരത്തിനൊപ്പം ഉണ്ടായിരുന്നെന്നും അവര്‍ക്ക് മുന്നിലിട്ടാണ് അക്രമകാരികള്‍ നിറയൊഴിച്ചതെന്നും ലോക്കല്‍ പൊലീസ് പറഞ്ഞു. അന്വേഷണം നടക്കുന്നുണ്ടെങ്കിലും കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. 12 ബോറുള്ള തോക്കാണ് പ്രതിയുടെ പക്കല്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Image

10 കളികളില്‍ ശ്രീലങ്കയുടെ അണ്ടര്‍ 19 ടീമിന്റെ നായകനായിരുന്ന വലംകൈയ്യന്‍ പേസര്‍, ഫരീവീസ് മഹറൂഫ്, ആഞ്ചലോ മാത്യൂസ്, ഉപുല്‍ തരംഗ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ക്കൊപ്പം കളിച്ചിട്ടുണ്ട്. 2002ല്‍ ന്യൂസിലന്‍ഡില്‍ നടന്ന ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ താരം ശ്രീലങ്കയെ നയിച്ചു. ആറ് കളികളില്‍ നിന്ന് 19.28 ശരാശരിയില്‍ ഏഴ് വിക്കറ്റ് വീഴ്ത്തി.

പാകിസ്ഥാനെതിരെ 44 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം. മൂന്ന് വിക്കറ്റുകളില്‍ രണ്ട് വിക്കറ്റുകള്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ടും പേസര്‍ ഉമര്‍ ഗുലുമാണ്. എന്നാല്‍ 185 റണ്‍സ് പിന്തുടരുന്നതിനിടെ ശ്രീലങ്ക അഞ്ച് റണ്‍സിന് തോറ്റതോടെ അദ്ദേഹത്തിന്റെ ബൗളിംഗ് ശ്രമം പാഴായി. 2001 നും 2004 നും ഇടയില്‍ ഗാലെ ക്രിക്കറ്റ് ക്ലബിനായി നിരോഷണ 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 8 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചു.