ജോസ് ജോർജ്
വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവുന്നതല്ല സച്ചിൻ ടെൻഡുൽക്കറുടെ നേട്ടങ്ങൾ. കേവലം പതിനാറാമത്തെ വയസ്സിൽ ടീമിലെത്തിയ സച്ചിൻ പിന്നീടുള്ള ഇരുപത്തിനാല് വർഷം ഒരു രാജ്യത്തിൻ്റെ മുഴുവൻ പ്രതീക്ഷയായി നിലകൊണ്ട് ലോക ക്രിക്കറ്റ് ആരാധകർക്കിടയിലെ മാസ്റ്റർ ബ്ലാസ്റ്ററായി മാറിയതിന് പിന്നിൽ പോരാട്ടത്തിൻ്റെയും, അദ്ധ്യാനത്തിൻ്റെയും കഥകൾ പറയാനുണ്ട്.
ഓർമ്മയിൽ തങ്ങി നിൽക്കുന്ന സച്ചിൻ്റെ ഇഷ്ട ഇന്നിംഗ്സുകൾ നിരവധി, അവയിൽ ആദ്യം മനസിലേക്ക് വരുക മണൽക്കാറ്റിനെയും, ശക്തമായ ഓസ്ട്രേലിയൻ ബോളിംഗ് വെല്ലുവിളിയെയും അതിജീവിച്ച് ലക്ഷ്യം നേടിയ പ്രശസ്തമായ ആ ഷാർജ ഇന്നിംഗ്സ് തന്നെ.
ഇന്ത്യ, ന്യൂസിലൻ്റ്, ഓസ്ട്രേലിയ തുടങ്ങിയ ടീമുകൾ പങ്കെടുത്ത ത്രിരാഷ്ട്ര ടൂർണമെൻറിലെ അവസാന മത്സരത്തിൽ ഇന്ത്യയെ നേരിടും മുമ്പേ തന്നെ ഓസ്ട്രേലിയ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ഇന്ത്യയ്ക്ക് ഫൈനലിലെത്തണമെങ്കില്‍ മികച്ച റണ്‍റേറ്റില്‍ കീവികളെ പിന്നിലാക്കണമായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മൈക്കിൾ ബെവൻ്റെ തകർപ്പൻ സെഞ്ചുറിയുടെയും മാർക്ക് വോയുടെ അർദ്ധ സെഞ്ചുറിയുടെയും മികവിൽ 50 ഓവറിൽ 284 റൺസെടുത്തു. മൺൽക്കാറ്റിനെത്തുടർന്ന് ഇന്ത്യയുടെ ലക്ഷ്യം 44 ഓവറിൽ 276 ആയി പുനർനിശ്ചയിച്ചു. ന്യൂസിലൻറിനെ മറികടന്ന് റൺറേറ്റ് അടിസ്ഥാനത്തിൽ മുന്നേറണമെങ്കിൽ ഇന്ത്യക്ക് 237 റൺസെടുക്കണമായിരുന്നു.
ഷെയ്ന്‍ വോണ്‍, മൈക്കിള്‍ കാസ്പറോവിച്ച്, ഡാമിയന്‍ ഫ്ളമിങ്, ടോം മൂഡി തുടങ്ങിയ മഹാരഥന്മാര്‍ അണിനിരക്കുന്ന ബൗളിങ് നിരയ്‌ക്കെതിരെ ജയിച്ചുകയറുക ബുദ്ധിമുട്ടേറിയ കാര്യാമായിരുന്നു. എങ്കിലും ഇന്ത്യയുടെ ബാറ്റിങ് നിരയുടെ കഴിവനുസരിച്ച് നേടാൻ സാധിക്കുന്ന ലക്ഷ്യം തന്നെയായിരുന്നു . പക്ഷെ ഗാംഗുലി ,ജഡേജ, ഉൾപ്പടെയുള്ളവർ വേഗം കൂടാരം കയറിയപ്പോൾ സച്ചിന് ഉത്തരവാദിത്വം കൂടി.
ഓസ്ട്രേലിയൻ ബൗളുറുമാർ സച്ചിൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞു. ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയം ആ ബാറ്റിങ്ങ് വിരുന്ന് ആസ്വദിച്ചു. അതിനിടയിൽ സച്ചിനെയും കാണികളെയും നിരാശയിലാക്കി മണൽക്കറ്റ് വീശിയടിച്ച് കളി തടസപ്പെട്ടു. കളി പുനരാരംഭിച്ചപ്പോൾ സച്ചിൻ ഫൈനൽ യോഗ്യത എന്ന പ്രഥമ ലക്ഷ്യത്തോടെ വർദ്ധിത വീര്യത്തിൽ കളിച്ചു. വോൺ, ഫ്ലെമിംഗ് അടക്കമുളള നിരയെ സാക്ഷിയാക്കി സച്ചിൻ ഫൈനൽ യോഗ്യത നേടി കൊടുത്തു. പിന്നാലെ സച്ചിൻ പുറത്തായി, ഇന്ത്യ ആ കളി പരാജയപ്പെട്ടു.
എങ്കിലും തന്റെ പിറന്നാൾ ദിനം സച്ചിൻ്റെ മികവിൽ തന്നെ ഇന്ത്യ ഫൈനൽ ജയിച്ച് കൊക്കോകോള കപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഇന്നും ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സായി ഷാര്‍ജയിലെ സച്ചിന്റെ പ്രകടനത്തെ വിലയിരുത്തുന്നു. ഈ ക്ലാസ്സിക്ക് പോരാട്ടത്തിന് ഇന്ന് 24 വയസ് തികയുകയാണ്.