ട്വന്റി20 ലോക കപ്പില്‍ ഇന്ത്യ വലിയ പ്രതീക്ഷയോടെ അവസരം നല്‍കിയ നിഗൂഢ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ വഴിയടയുന്നു. കാല്‍വണ്ണയ്ക്ക് പരിക്കേറ്റ വരുണ്‍ ലോക കപ്പില്‍ ഇനി കളിക്കാനുള്ള സാദ്ധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്.
ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ വരുണിനെ ടൂര്‍ണമെന്റിനിടെ തന്നെ പരിക്ക് അലട്ടിയിരുന്നു. എങ്കിലും ലോക കപ്പ് ടീമില്‍ താരത്തെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തി. സൂപ്പര്‍ 12ലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച വരുണിന് ഒരു വിക്കറ്റ് പോലും നേടാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് അഫ്ഗാനിസ്ഥാനുമായുള്ള മത്സരത്തില്‍ നിന്ന് പരിക്കു മൂലം ഒഴിവാക്കപ്പെട്ടത്. പകരമെത്തിയ ആര്‍. അശ്വിന്‍ രണ്ട് വിക്കറ്റുമായി തിളങ്ങിയതും വരുണിന്റെ സാദ്ധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. രാഹുല്‍ ചഹാറും ഇന്ത്യയുടെ സ്പിന്‍ നിരയില്‍ ഇടംപിടിക്കുന്നുണ്ട്.
നാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് അശ്വിന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യക്കായി പന്തെറിയുന്നത്. ജൂണിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിച്ച അശ്വിന്‍ അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞതും നാലര മാസങ്ങള്‍ക്കു ശേഷമാണ്. ഒരു ഇടവേളയ്ക്കു ശേഷം ലഭിച്ച അവസരം വേണ്ടവിധം മുതലെടുക്കാന്‍ അശ്വിന് സാധിച്ചെന്നു വിലയിരുത്താം.