ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അവസാന ടി 20 മത്സരത്തിൽ വീണ്ടും ഫ്ലോപ്പായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യ കുമാർ യാദവ്. ബ്രൈഡൻ കാർസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഫിൽ സാൾട്ടിന് ക്യാച്ച് നൽകിയാണ് സൂര്യ ഔട്ട് ആയത്. 3 പന്തിൽ വെറും 2 റൺസാണ് താരം നേടിയത്. ഈ പരമ്പരയിൽ മോശമായ പ്രകടനമാണ് സൂര്യ ഉടനീളം കാഴ്ച വെച്ചത്. അതിലൂടെ തന്നെ സൂര്യയെ പുറത്താക്കി പുതിയ നായകനെ തിരഞ്ഞെടുക്കണം എന്ന ആവശ്യവും ശക്തമാണ്.
എന്നാൽ ഇന്ത്യക്ക് വേണ്ടി തകർപ്പൻ സെഞ്ചുറി നേടിയിരിക്കുകയാണ് യുവ താരം അഭിഷേക് ശർമ്മ. 37 പന്തുകളിൽ 10 സിക്സറുകളും 5 ഫോറും അടക്കം 100* റൺസാണ് താരം അടിച്ചെടുത്തത്. യുവരാജിന്റെ ശിഷ്യൻ ആ മികവ് തെളിയിച്ചു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
അഭിഷേകിന് മികച്ച പിന്തുണ നൽകിയത് തിലക് വർമയാണ്. താരം 15 പന്തിൽ 24 റൺസ് നേടി മികച്ച പാർട്ണർഷിപ്പ് നൽകി. അഭിഷേകും തിലക് വർമയും കൂടെ ആദ്യ പത്ത് ഓവറിന് മുൻപ് തന്നെ 115 റൺസ് പാർട്ണർഷിപ് ആണ് പടുത്തുയർത്തിയത്.
എന്നാൽ മലയാളികൾക്ക് നിരാശ സമ്മാനിച്ച് അവസാന മത്സരത്തിലും ഫ്ലോപ്പായി മാറിയിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ. മാർക്ക് വുഡിന്റെ പന്തിൽ ജോഫ്രാ അർച്ചറിന് ക്യാച്ച് നൽകി 7 പന്തിൽ 2 സിക്‌സും, 1 ഫോറും അടക്കം 16 റൺസ് നേടിയാണ് താരം പുറത്തായത്. എല്ലാ തവണ പോലെയും ഇത്തവണയും പുൾ ഷോട്ടിന് ശ്രമിക്കവെയാണ് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയത്.