ഈ വർഷത്തെ ഏറ്റവും മികച്ച ബോളിങ് ആക്രമണം ആ ടീമിന്റെ, അവന്മാരെ ജയിക്കാൻ എതിരാളികൾ വിയർക്കും: ആകാശ് ചോപ്ര

ഐപിഎൽ 2025-ൽ ഏറ്റവും മികച്ച ബോളിങ് യൂണിറ്റ് ഡൽഹി ക്യാപിറ്റൽസിൻ്റെ (ഡിസി) ആണെന്ന് മുൻ താരം ആകാശ് ചോപ്ര പറഞ്ഞു. മികച്ച ഡെത്ത് ബൗളിംഗ് കോമ്പിനേഷനാണ് ഫ്രാഞ്ചൈസി ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടത്തിൽ മുത്തമിടാൻ ഭാഗ്യം കിട്ടാത്ത ടീമാണ് ഡൽഹി.

ഡിസി ഇന്ത്യയിലെ ഏറ്റവും മികച്ച സ്പിന്നര്മാരായ അക്‌സർ പട്ടേലും കുൽദീപ് യാദവും ഉൾപെടുന്നവരെയാണ് ലേലത്തിന് മുമ്പേ ടീമിൽ നിലനിർത്തിയത്. അടുത്തിടെ നടന്ന ലേലത്തിൽ ആകട്ടെ മിച്ചൽ സ്റ്റാർക്ക്, ടി നടരാജൻ, മോഹിത് ശർമ്മ, മുകേഷ് കുമാർ, ദർശൻ നൽകണ്ടെ, ദുഷ്മന്ത ചമീര എന്നിവരെയും ഒപ്പം കൂട്ടി.

തൻ്റെ യൂട്യൂബ് ചാനലായ ‘ആകാശ് ചോപ്ര’യിൽ പങ്കിട്ട ഒരു വീഡിയോയിൽ, മുൻ ഇന്ത്യൻ ഓപ്പണർ ഡൽഹി ക്യാപിറ്റൽസിൻ്റെ ഡെത്ത് ബൗളിംഗ് അവരുടെ ഏറ്റവും വലിയ ശക്തിയായി തിരഞ്ഞെടുത്തു.

“ഈ ടൂർണമെൻ്റിലെ ഏറ്റവും മികച്ച ബൗളിംഗ് ഡൽഹിയുടേതാണ്. ഗുജറാത്തിൻ്റെ ബൗളിങ്ങും മികച്ചതാണ്. ഒരു സ്പിന്നറുടെ കുറവ് ഉണ്ടെങ്കിലും മുംബൈയ്ക്ക് ഏറ്റവും മികച്ച ബൗളിംഗ് ആക്രമണമുണ്ട്. എല്ലാം കൂടി നോക്കിയാൽ ഏറ്റവും സെറ്റ് ഡൽഹി തന്നെയാണ് .”

നടരാജനും മുകേഷിനും ഡെത്ത് ഓവറിൽ ടീമിനായി തിളങ്ങാൻ പറ്റുമെന്നും ചോപ്ര പറഞ്ഞു

“15 മുതൽ 20 ഓവർ വരെ എറിയാൻ ഡൽഹിയുടെ അത്ര മികവുള്ള താരങ്ങൾ വേറെ ഇല്ല. ടി നടരാജൻ്റെ കണക്കുകൾ പരിശോധിച്ച് മറ്റെല്ലാ ഇന്ത്യൻ കളിക്കാരുമായും താരതമ്യം ചെയ്താൽ, അവൻ വളരെ മികച്ചവനാണെന്ന് നിങ്ങൾ കണ്ടെത്തും, കഴിഞ്ഞ വർഷവും മികച്ചതായിരുന്നു. മുകേഷ് കുമാറും ഒരു സ്മാർട്ട് ബോളർ ആണ്” അദ്ദേഹം വിശദീകരിച്ചു.

“അവർ മിച്ചൽ സ്റ്റാർക്കിനെ ഒപ്പം കൂട്ടി, അത് ഒരു സ്റ്റീൽ ഡീൽ തന്നെയായി മാറുന്നു. കഴിഞ്ഞ തവണ 20 കോടിക്ക് മുകളിൽ വിട്ടുപോയ ഒരു താരത്തെയാണ് അവർക്ക് കുറഞ്ഞ വിലയിൽ കിട്ടിയത്.” ചോപ്ര നിരീക്ഷിച്ചു.

ലേലത്തിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ ഏറ്റവും ചെലവേറിയ ബൗളിംഗ് പിക്കായിരുന്നു സ്റ്റാർക്ക് (11.75 കോടി രൂപ). നടരാജനുവേണ്ടി 10.75 കോടി മുടക്കിയപ്പോൾ മുകേഷിനെയും മോഹിത്തിനെയും യഥാക്രമം 8 കോടി രൂപയ്ക്കും 2.20 കോടി രൂപയ്ക്കും വാങ്ങി.