തോല്‍വികളുടെ ഭാരം ഒടുവില്‍ പാകിസ്താന്‍ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് മത്സരത്തില്‍ ഇറക്കിവെച്ചു. വെസ്റ്റിന്‍ഡീസിനെതിരേ നടന്ന ലോകകപ്പ് മത്സരത്തില്‍ പാകിസ്താന്‍ വനിതാടീം എട്ടു വിക്കറ്റിന് ജയിച്ചു. തുടര്‍ച്ചയായി 18 മത്സരങ്ങള്‍ പരാജയപ്പെട്ട ശേഷമായിരുന്നു പാകിസ്താന്‍ ഒരു മത്സരത്തില്‍ വിജയിച്ചത്. 13 വര്‍ഷത്തിന് ശേഷമാണ് പാകിസ്താന്‍ വെസ്റ്റിന്‍ഡീസിനെതിരേ ഒരു വിജയം നേടുന്നത്.
മഴ മൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് നേടിയപ്പോള്‍ പാകിസ്താന്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 90 റണ്‍സ് എടുത്തു. പാകിസ്താന്‍ ഓപ്പണര്‍ മുനീബാ അലി 37 റണ്‍സ് നേടി. ക്യാപ്റ്റന്‍ ബിസ്മാ മാറൂഫ് പുറത്താകാതെ 20 റണ്‍സും ഒമൈമാ സൊഹൈല്‍ 22 റണ്‍ും നേടി പുറത്താകാതെ നിന്നു.
ഓപ്പണര്‍ സിദ്രാ അമീന്‍ എട്ടു റണ്‍സിനും പുറത്തായി. നാല് ഓവറില്‍ 10 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ നിദാ ദര്‍ ആയിരുന്നു വിന്‍ഡീസിനെ തകര്‍ത്തത്. വെസ്റ്റിന്‍ഡീസിനായി ഓപ്പണര്‍ ദിയാന്ദ്രാ ഡോട്ടിന്‍ 27 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ സ്‌റ്റെഫാനി ടെയ്‌ലര്‍ 18 റണ്‍സ് എടുത്തു.
ലോകകപ്പില്‍ ഇതുവരെ കളിച്ച നാലു മത്സരങ്ങളിലും തോറ്റ് എട്ടു ടീമുകളുടെ പട്ടികയില്‍ ഏറ്റവും താഴെയായിരുന്ന പാകിസ്താന്‍ ഈ ജയത്തോടെ ലോകകപ്പില്‍ ആദ്യമായി രണ്ടു പോയിന്റും നേടി. ഇനി രണ്ടു മത്സരങ്ങള്‍ മാത്രമാണ് പാകിസ്താന് ബാക്കിയുള്ളത്. അതേസമയം തോല്‍വി വെസ്റ്റിന്‍ഡീസിന് കനത്ത ആഘാതമായി മാറിയിട്ടുണ്ട്. പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അവര്‍.