ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് അശുഭസൂചന. ഇന്ത്യ എയും ഓസ്‌ട്രേലിയ എയും തമ്മിലുള്ള നടന്നുകൊണ്ടിരിക്കുന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് സാധിക്കാതെ വന്നത് ഓസ്‌ട്രേലിയൻ പരമ്പരയിൽ സംഭവിക്കാനിരിക്കുന്ന വലിയ അപകടത്തിന്റെ സൂചനയായി കാണാം.
റിസർവ് ഓപ്പണറായി ഇന്ത്യൻ ടീമിൽ ഇടം നേടിയ അഭിമന്യു ഈശ്വരൻ വ്യാഴാഴ്ച പൂജ്യമായിട്ടാണ് പുറത്തായത്. അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ തുടർച്ചയായ മൂന്നാം പരാജയമായതിനാൽ തന്നെ അഭിമന്യുവിന്റെ ആത്മവിശ്വാസം വളരെയധികം കുറഞ്ഞിരിക്കുകയാണ്. താരം ഇന്ത്യക്കായി പരമ്പരയിൽ ഒരു മത്സരത്തിൽ പോലും ഇറങ്ങാനുള്ള സാധ്യതയും ഇതോടെ കുറഞ്ഞിരിക്കുകയാണ്.
ആദ്യ അനൗദ്യോഗിക ഗെയിമിലും താരം തീർത്തും നിരാശപെടുത്തിയിരുന്നു. രണ്ടാം മത്സരത്തിൽ കെഎൽ രാഹുലിൻ്റെ രൂപത്തിൽ അദ്ദേഹത്തിന് ഒരു പുതിയ ഓപ്പണിംഗ് പങ്കാളി എത്തി. എന്നാൽ രാഹുലും അഭിമന്യുവിനെ പോലെ തന്നെ ദുരന്തമാകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. താരത്തിന് നേടാനായത് 4 റൺ മാത്രമാണ്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് തൻ്റെ ആത്മവിശ്വാസം കുറച്ച് മികച്ച പ്രകടനം കാഴ്ചവെക്കാൻ കളിയുടെ രണ്ടാം ഇന്നിംഗ്‌സിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് രാഹുൽ പ്രതീക്ഷിക്കുന്നു. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന കിവീസിനെതിരായ ആദ്യ മത്സരത്തിൽ മോശം സ്‌കോറുകൾ (0, 12) നേടിയതിനെ തുടർന്ന് ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനിൽ നിന്ന് രാഹുലിനെ ഇഴിവാക്കിയിരുന്നു.
ഓൾറൗണ്ടർ നിതീഷ് റെഡ്ഡിയും കൈയ്യിൽ ബാറ്റുകൊണ്ട് സംഭാവന നൽകുന്നതിൽ പരാജയപ്പെട്ടു. താരത്തിന് 16 റൺസ് മാത്രമേ എടുക്കാനായുള്ളൂ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യക്കുള്ള ഒരേയൊരു പോസിറ്റീവ് വിക്കറ്റ് കീപ്പർ-ബാറ്റർ ധ്രുവ് ജുറലിൻ്റെ പോരാട്ടമാണ്. തുടക്കത്തിലെ ബാറ്റിംഗ് തകർച്ചയ്ക്ക് ശേഷം ജുറൽ ഇന്ത്യൻ സ്കോറിനെ മുന്നോട്ട് കൊണ്ടുപോയി.