ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വമ്പൻ നീക്കത്തിലൂടെ , റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) 2025 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിലെ പുതിയ ക്യാപ്റ്റനായി രജത് പാട്ടീദാറിനെ നിയമിച്ചിരുന്നു. 2021 ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച രജതിനെ 2025 ലെ മെഗാ ലേലത്തിന് മുന്നോടിയായി 11 കോടി രൂപയ്ക്ക് ആർസിബി നിലനിർത്തി. എന്തായാലും നായകനാക്കിയ പ്രഖ്യാപനത്തോടെ, ഫ്രാഞ്ചൈസിയെ നയിക്കുന്ന എട്ടാമത്തെ കളിക്കാരനായി പാട്ടിദാർ മാറി.
ക്യാപ്റ്റൻ റോളിൽ വിരാട് കോഹ്‌ലി വരുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും, പാട്ടിദാറിനെ അവരുടെ പുതിയ നേതാവായി നിയമിച്ച് ആർസിബി എല്ലാവരെയും അമ്പരപ്പിച്ചു. എന്നിരുന്നാലും ടീം മാനേജ്‌മെൻ്റ്, യുവ ബാറ്ററെ പിന്താങ്ങാൻ തീരുമാനിക്കുക ആയിരുന്നു.
മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററും നിലവിലെ ആർസിബിയുടെ ബാറ്റിംഗ് പരിശീലകനുമായ ദിനേഷ് കാർത്തിക്, ക്രിക്ക്ബസിൻ്റെ ഹേ സിബി വിത്ത് ഡികെ ഷോയിൽ ഈ ധീരമായ തീരുമാനത്തിന് പിന്നിലെ കാരണത്തെ പറഞ്ഞു. ആർസിബിയുടെ മാനേജ്‌മെൻ്റ് പാട്ടിദാറിൻ്റെ നേതൃത്വ സാധ്യതകളിലേക്കും അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ ഫോമിലേക്കും ആകർഷിക്കപ്പെട്ടുവെന്ന് കാർത്തിക് വിശദീകരിച്ചു.
ദിനേശ് കാർത്തിക് രജത് പാട്ടീദാറിൻ്റെ നേതൃത്വത്തെ പ്രശംസിച്ചു, “ആഭ്യന്തര സീസണിൽ രജത്തിൻ്റെ ക്യാപ്റ്റൻസി അസാധാരണമായിരുന്നു. അദ്ദേഹത്തിൻ്റെ നേതൃഗുണങ്ങളെക്കുറിച്ച് പല കളിക്കാരും ഏറെ സംസാരിച്ചു. ഇത് ടീമിന് ഒരു പുതിയ ഘട്ടമായതിനാൽ, ഒരു പുതിയ നേതാവിന് അനുയോജ്യമായ സമയമാണിതെന്ന് ഞങ്ങൾക്ക് തോന്നി, രജത് തികച്ചും അനുയോജ്യനായിരുന്നു.” അദ്ദേഹം പറഞ്ഞു.
2024 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മധ്യപ്രദേശിനെ ഫൈനലിലേക്ക് നയിച്ചതോടെയാണ് താരത്തിന്റെ മികവ് അംഗീകരിക്കപ്പെടാൻ തുടങ്ങിയത്. 10 മത്സരങ്ങളിൽ നിന്ന് 186.08 എന്ന അതിശയകരമായ സ്‌ട്രൈക്ക് റേറ്റിലും 61.14 ശരാശരിയിലും 428 റൺസ് അദ്ദേഹം നേടി.