ഞങ്ങളുടെ കളിക്കാര്‍ രാജ്യത്ത് സുരക്ഷിതരല്ലെങ്കില്‍ 2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ഒരു തത്സമയ ഷോയിലാണ് ഹര്‍ഭജന്‍ ഇക്കാര്യം പറഞ്ഞത്.
‘ഞങ്ങളുടെ കളിക്കാര്‍ പാകിസ്ഥാനില്‍ സുരക്ഷിതരല്ലെങ്കില്‍, ഞങ്ങള്‍ ടീമിനെ അയക്കില്ല. നിങ്ങള്‍ക്ക് കളിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ കളിക്കുക; ഇല്ലെങ്കില്‍ വേണ്ട. പാകിസ്ഥാന്‍ ഇല്ലാതെ ഇന്ത്യന്‍ ക്രിക്കറ്റിന് ഇപ്പോഴും നിലനില്‍ക്കാം. നിങ്ങള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റില്ലാതെ അതിജീവിക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യൂ- ഹര്‍ഭജന്‍ പറഞ്ഞു.
എട്ട് വര്‍ഷം മുമ്പ് സര്‍ഫറാസ് അഹമ്മദിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് മണ്ണില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയിരുന്നു. ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025-ന്റെ ഔദ്യോഗിക ആതിഥേയരാണ് പാകിസ്ഥാന്‍. 1996-ന് ശേഷം പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ പ്രധാന ഐസിസി ഇവന്റാണിത്.
ഇവന്റിനായി ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട്. അല്ലെങ്കില്‍ ഏഷ്യാ കപ്പ് 2023 പോലെ തന്നെ ഒരു ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് ബിസിസിഐ ഐസിസിയെ പ്രേരിപ്പിക്കും.
അതേസമയം, ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ പിസിബി ഉറച്ചുനില്‍ക്കുകയാണ്. ബിസിസിഐയുടെ നിര്‍ദ്ദേശം ഐസിസി നിരസിച്ചാല്‍ പിന്നെ കാര്യമായൊന്നും പറയാനാവില്ല. പക്ഷേ അവര്‍ക്ക് ടൂര്‍ണമെന്റില്‍നിന്ന് പിന്മാറാനുള്ള ഓപ്ഷനുണ്ടാകും.
ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറുന്നത് ഗാല ഇവന്റിന്റെ ബ്രാന്‍ഡ് മൂല്യത്തെ സാരമായി ബാധിക്കും. എന്നാല്‍ ഇന്ത്യ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാഗമാകാത്ത സാഹചര്യം വന്നാല്‍, ടൂര്‍ണമെന്റില്‍ ശ്രീലങ്ക ഇന്ത്യയുടെ സ്ഥാനം പിടിക്കും.