ഒരു ദശകമായി ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിദ്ധ്യമാണ് മുന്‍ നായകനും ബാറ്റ്‌സ്മാനുമായ വിരാട്‌കോഹ്ലി. മൊഹാലിയില്‍ ശ്രീലങ്കയ്ക്ക് എതിരേ നടക്കുന്ന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കളിക്കുമ്പോള്‍ 12 ഇന്ത്യന്‍ താരങ്ങള്‍ മാത്രമുള്ള 100 ടെസ്റ്റ് കളിച്ചവരുടെ ക്ലബ്ബില്‍ കോഹ്ലിയുമെത്തും. മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ തന്റെ നൂറാം ടെസ്റ്റ് മത്സരത്തേക്കുറിച്ച പ്രതികരിച്ച് സൂപ്പര്‍താരം വിരാട് കോഹ്ലി.
ഇന്ത്യയ്ക്ക് വേണ്ടി നൂറ് മത്സരം കളിക്കാനാകുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് താരത്തിന്റെ പ്രതികരണം. ഇത്തരത്തിലൊരു നേട്ടം സ്വപ്‌നത്തില്‍ പോലും ഇല്ലായിരുന്നു. ഫിറ്റ്‌നസിനായി താന്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഇത് തനിക്കും തന്റെ കുടുംബത്തിനും പരിശീലകനും എല്ലാം വലിയ നിമിഷമാണെന്ന് കോഹ്ലി ബിസിസിഐ ഇറക്കിയ വീഡിയോയില്‍ പറയുന്നു. ടെസ്റ്റ് ക്രിക്കറ്റിന് എപ്പോഴും സജീവമായി നില്‍ക്കേണ്ടതുണ്ട്. അതാണ് യഥാര്‍ത്ഥ ക്രിക്കറ്റെന്നും താരം പറയുന്നു. എല്ലായ്‌പ്പോഴും താന്‍ വലിയ ഇന്നിംഗ്‌സാണ് ചിന്തിച്ചിരുന്നത്. ഒരിക്കലും ചെറിയ സ്‌കോറിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും കോഹ്ലി പറയുന്നു.
ജൂനിയര്‍ ലെവലില്‍ കളിക്കുമ്പോള്‍ പോലും അനേകം തവണ താന്‍ ഇരട്ടശതകം നേടിയിട്ടുണ്ട്. ദീര്‍ഘ ഇന്നിംഗ്്‌സ് കളിക്കുന്നത് എപ്പോഴും താന്‍ ഇഷ്ടപ്പെടുന്നതായും താരം പറഞ്ഞു. രണ്ടു വര്‍ഷമായി ടെസ്റ്റിലോ ഏകദിനത്തിലോ ട്വന്റി20 യിലോ ഒരു ശതകം കണ്ടെത്താന്‍ പാടുപെടുകയാണ് വിരാട് കോഹ്ലി. 33 കാരനായ കോഹ്ലി അനേകം റെക്കോഡുകള്‍ നേടിയിട്ടുണ്ട്. 7962 റണ്‍സുകള്‍ സ്‌കോര്‍ ചെയ്തിട്ടുള്ള താരം 50 ന് മുകളില്‍ ശരാശരിയുള്ള വളരെ കുറച്ചു താരങ്ങളില്‍ ഒരാളാണ്. 2019 നവംബറില്‍ ബംഗ്‌ളാദേശിനെതിരേ 136 റണ്‍സ് നേടിയ ശേഷം വിരാട് കോഹ്ലി ഇതുവരെ അതിന് ശേഷം സെഞ്ച്വറി നേടിയിട്ടില്ല.